ന്യൂഡൽഹി: ദേശവിരുദ്ധനായി ചിത്രീകരിച്ച് യു.പി സർക്കാർ വിചാരണകൂടാതെ രണ്ടര വർഷത്തോളം തടവിലിട്ട മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജയിലിൽനിന്ന് മോചനം. സുപ്രീംകോടതിയും പിന്നാലെ അലഹബാദ് ഹൈകോടതിയും അനുവദിച്ച ജാമ്യത്തിന്റെ അവസാന ഉപാധിയും പൂർത്തിയാക്കി സിദ്ദീഖ് വ്യാഴാഴ്ച രാവിലെ പുറത്തിറങ്ങി. അതേസമയം, വിചാരണ നടപടികൾ ബാക്കി.
ഭാര്യ റൈഹാനത്തും മകൻ മുസമ്മിലും നിറമിഴികളോടെ കാപ്പനെ സ്വീകരിക്കാൻ ലഖ്നോ ജില്ല കോടതിക്കുമുന്നിലെത്തിയിരുന്നു. ഒപ്പം, അഭിഭാഷകൻ കെ.എസ്. മുഹമ്മദ് ദാനിഷും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ ആൾ ജാമ്യം നിന്ന അലീമുല്ല ഖാനും അടക്കമുള്ളവരും. ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളുടെ നീണ്ടനിരയും ഉണ്ടായിരുന്നു.
സിദ്ദീഖ് കാപ്പനും കുടുംബവും വ്യാഴാഴ്ച തന്നെ ഡൽഹിയിലേക്ക് തിരിച്ചു. സുപ്രീംകോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം ജാമ്യം കിട്ടിയശേഷം ആറാഴ്ച താമസിക്കേണ്ടത് ഡൽഹി ജങ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ഈ കാലാവധി കഴിഞ്ഞാൽ കേരളത്തിലേക്ക് പോകും. ഡൽഹിക്കു പുറപ്പെടുന്നതിനുമുമ്പ് ഡൽഹി സർവകലാശാല മുൻ വൈസ്ചാൻസലർ 80കാരിയായ രൂപരേഖ വർമയെ ചെന്നു കാണാൻ കാപ്പനും കുടുംബവും മറന്നില്ല. സിദ്ദീഖിന് ജാമ്യം നിന്നത് രൂപരേഖ വർമയാണ്.
നീണ്ട 28 മാസത്തിനുശേഷമാണ് സിദ്ദീഖ് കാപ്പൻ ജയിലിൽനിന്ന് ഇറങ്ങിയത്. അതിന് വഴിയൊരുക്കി ബുധനാഴ്ച കോടതി മോചന ഉത്തരവ് ലഖ്നോ ജില്ല ജയിലിലേക്ക് അയച്ചിരുന്നു. ഈ ഉത്തരവ് ലഭിക്കാൻ വൈകിയത് മോചനം ഒരുദിവസം വൈകിപ്പിച്ചു. മാധ്യമപ്രവർത്തകരായ കുമാർ സൗവീർ, അലീമുല്ല ഖാൻ എന്നിവരാണ് ഇ.ഡി കേസിൽ ജാമ്യം നിന്നത്.
തെളിവുകൾ അപര്യാപ്തമാണ്, കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ 45ാം വകുപ്പ് പ്രകാരം ഒരുകോടി രൂപയിൽ താഴെയുള്ള ഇടപാടുകൾ കണക്കിലെടുക്കാൻ കഴിയില്ല തുടങ്ങിയവ തെളിയിക്കാൻ ഇ.ഡിക്ക് സാധിച്ചില്ല എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡിസംബർ 23നാണ് ഇ.ഡി കേസിൽ അലഹബാദ് ഹൈകോടതി ജാമ്യം അനുവദിച്ചത്. 2020 ഒക്ടോബറിനാണ് സിദ്ദീഖ് ഹാഥറസിലേക്കുള്ള യാത്രക്കിടയിൽ കാർ ഡ്രൈവർ മുഹമ്മദ് ആലമിനും മറ്റു രണ്ടുപേർക്കുമൊപ്പം അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.