സിദ്ധീഖ് കാപ്പന്റെ ഡ്രൈവർക്ക് ജാമ്യം കിട്ടിയിട്ട് രണ്ടുമാസം; ഇപ്പോഴും ജയിലിൽ തന്നെ

ലഖ്നോ: യു.പി പൊലീസ് ചുമത്തിയ യു.എ.പി.എ കേസിലും ഇ.ഡി കേസിലും ജാമ്യം ലഭിച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഡ്രൈവർക്ക് ഇരുകേസിലും ജാമ്യം കിട്ടിയിട്ട് രണ്ടുമാസമാകുന്നു. എന്നിട്ടും പൊലീസ് വെരിഫിക്കേഷൻ പൂർത്തിയാകാത്തതിനാൽ ജയിലിൽ തന്നെ തുടരുകയാണ് അദ്ദേഹം.

2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പൻ ഉൾപ്പെടെ അഞ്ചുപേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. യു.പിയിലെ ഹാതറസിൽ ദലിത് യുവതി​യെ പീഡിപ്പിച്ച് കൊന്ന് മൃതദേഹം ചുട്ടുകരിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാനുള്ള യാത്രക്കിടെയായിരുന്നു ഇത്. സിദ്ദീഖ് കാപ്പനോടൊപ്പം അറസ്റ്റിലായ ഡ്രൈവര്‍ ആലമിന് യുഎപിഎ കേസില്‍ ഈ വര്‍ഷം ആഗസ്ത് 23ന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒക്ടോബര്‍ 31ന് പിഎംഎല്‍എ കേസിലും ജാമ്യം ലഭിച്ചു. എന്നാൽ, ഇതുവരെ വെരിഫിക്കേഷൻ പൂർത്തിയാവാത്തതിനാൽ അറസ്റ്റിലായി 26 മാസമായിട്ടും ലഖ്‌നോ ജയിലിൽ തുടരുകയാണ് ഈ യുവാവ്.

തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ രാജ്യത്തിനെതിരായ മറ്റേതെങ്കിലും പ്രവര്‍ത്തനങ്ങളിലോ ആലമിന്റെ പങ്കാളിത്തം കണ്ടെത്തനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രമേഷ് സിന്‍ഹയും ജസ്റ്റിസ് സരോജ് യാദവും യു.എ.പി.എ കേസിൽ ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത പിഎംഎല്‍എ കേസില്‍ പ്രതി ചേര്‍ത്തതിനാല്‍ അദ്ദേഹം ജയിലില്‍ തുടരുകയായിരുന്നു. എന്നാൽ, ഒക്ടോബര്‍ 31ന് പിഎംഎല്‍എ കേസിലും ലഖ്‌നോവിലെ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.

കഴിഞ്ഞ സെപ്തംബർ ഒൻപതിന് യു.എ.പി.എ കേസിൽ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇ.ഡി രജിസ്റ്റർ ചെയ്ത കേസില്‍ ഇന്നലെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൌ ബെഞ്ചും ജാമ്യം അനുവദിച്ചു. വെരിഫിക്കേഷൻ പൂർത്തിയായാല്‍ മാത്രമേ ജയില്‍ മോചിതനാകാൻ കഴിയൂ. എന്നാൽ, രണ്ടുമാസമായിട്ടും ആലമിന് വെരിഫിക്കേഷൻ നൽകാതെ അനാവശ്യമായി ഉരുട്ടുന്ന യു.പി പൊലീസ് കാപ്പന്റെ കാര്യത്തിൽ എന്ത് നിലപാട് എടുക്കുമെന്ന ആശങ്കയിലാണ് കുടുംബങ്ങൾ.

പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാത്രസില്‍ കലാപം സൃഷ്ടിക്കാനാണ് 45,000 രൂപ കാപ്പൻ സ്വീകരിച്ചതെന്നുമായിരുന്നു ഇഡി കോടതിയില്‍ ഉന്നയിച്ചത്. എന്നാൽ, കോടതി ഇത് നിരാകരിച്ചു. വിധിപ്പകർപ്പ് ജനുവരി രണ്ടിന് മാത്രമാണ് ലഭിക്കുക. വിധിക്ക് പിന്നാലെ കോടതി ക്രിസ്മസ് പുതുവത്സര അവധിക്ക് പിരിഞ്ഞതാണ് വിധിപ്പകർപ്പ് ലഭിക്കുന്നത് വൈകാൻ കാരണം.

യു.എ.പി.എ കേസിൽ ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് കോടതി ഉത്തരവിൽ അറിയിച്ചിരുന്നത്. എന്നാൽ, ഇ.ഡി കേസിൽകൂടി ജാമ്യം ലഭിക്കാത്തതിനാലായിരുന്നു കാപ്പന്റെ മോചനം നീണ്ടുപോയത്. ഇതിൽ അപ്പീലുമായിട്ടാണ് സിദ്ദിഖ് കാപ്പൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

Tags:    
News Summary - Siddique Kappan's driver Still in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.