ന്യൂഡൽഹി: അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ശബ്ദ, കൈയ്യെഴുത്ത് പരിശോധനകൾക്കായി നൽകിയ അപേക്ഷ യു.പി പൊലീസ് പിൻവലിച്ചു. പൊലീസിന്‍റെ അപേക്ഷ അനാവശ്യമെന്ന് കോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പൊലീസ് അപേക്ഷ പിൻവലിച്ചത്. അറസ്റ്റിലായി 150 ദിവസത്തിന് ശേഷം പരിശോധന നടത്താനുള്ള പൊലീസ് നീക്കം ദുരുദ്ദേശപരമാണെന്ന് സിദ്ദീഖ് കാപ്പന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.
2020 ഒക്ടോബറിൽ ഹാഥ്റസിൽ സവർണ യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെയും മൂന്ന് പേരും പൊലീസ് അറസ്റ്റിലായത്. ദലിത് പെൺകുട്ടി പീഡനത്തിനിരയായ സംഭവം റിപ്പോർട്ട് ചെയ്യാനാണ് സിദ്ദിഖ് കാപ്പൻ യു.പിയിൽ എത്തിയത്.
മാധ്യമപ്രവർത്തകൻ എന്ന പരിഗണന ഉപയോഗപ്പെടുത്തി ജാതി പ്രശ്നങ്ങൾ ആളിക്കത്തിക്കാനും ക്രമസമാധാന പ്രശ്നമുണ്ടാക്കാനുമാണ് കാപ്പൻ ഹാഥ്റസിലേക്ക് പോയതെന്നാണ് യു.പി സർക്കാർ ആരോപിക്കുന്നത്. അസുഖ ബാധിതയായ 90 വയസുള്ള മാതാവിനെ കാണാൻ കാപ്പന് ജാമ്യം നിഷേധിച്ചതോടെയാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സർക്കാർ സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുത വിരുദ്ധവുമാണെന്ന് കെ.യു.ഡബ്ല്യൂ.ജെ വ്യക്തമാക്കി. ജോലി ആവശ്യാർഥമായിരുന്നു കാപ്പന്‍റെ യാത്ര എന്നും കെ.യു.ഡബ്ല്യൂ.ജെക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഹരജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്െഡ അധ്യക്ഷനായ ബെഞ്ച് മാതാവിനെ കാണാൻ കാപ്പന് കടുത്ത ഉപാധികളോടെ അഞ്ചു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.