അമൃത്സർ: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിന്‍റെ ഉപദേശകൻ മാൽവീന്ദർ സിങ് മാലി സ്ഥാനം ഒഴിഞ്ഞു. വിവാദ പ്രസ്താവന നടത്തിയ സിദ്ദുവിൻറെ ഉപദേശകരെ മാറ്റുമെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വയം പിന്മാറ്റം.
ജമ്മു കശ്മീർ, പാകിസ്താൻ വിഷയങ്ങളിൽ സിദ്ദുവിന്‍റെ ഉപദേശകരുടെ പരാമർശം വിവാദമായ സാഹചര്യത്തിലായിരുന്നു റാവത്തിന്‍റെ പ്രതികരണം. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാൽവീന്ദറിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾ വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു.
മാൽവീന്ദർ സിങ് മാലിക്ക് പുറമെ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ രൂക്ഷമായി വിമർശിച്ചിരുന്ന പ്യാരെ ലാൽ ഗാർഗിനെയും മാറ്റണമെന്ന് സിദ്ദുവിനോട് ഹരീഷ് റാവത്ത് നിർദേശിച്ചിരുന്നു.
സിദ്ദുവിന്‍റെ അനുയായികളുടെ പരാമർശത്തെ ക്രൂരം, ദേശവിരുദ്ധം തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചാണ് അമരീന്ദർ സിങ് നേരിട്ടത്. കൂടാതെ വിവാദ വിഷയങ്ങളിൽ സംസാരിക്കാതിരിക്കാൻ സിദ്ദു ഉപദേശകരോട് നിർദേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
2022ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ മുൻനിർത്തിയാകും കോൺഗ്രസിന്‍റെ മത്സരം. എന്നാൽ മന്ത്രിസഭയിൽനിന്ന് തന്നെ വിമത നേതാക്കളുണ്ടാകുന്നത് കോൺഗ്രസിന് തലവേദനയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.