ന്യൂഡൽഹി: പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗായിക അഫ്സാന ഖാനെ ദേശീയ അന്വേഷണ ഏജൻസി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എന്നാൽ ആരാണ് അഫ്സാന ഖാൻ?
പഞ്ചാബിലെ പ്രശസ്ത പിന്നണി ഗായികയാണ് അഫ്സാന ഖാൻ. ഇവരെ സ്വന്തം സഹോദരിയെ പോലെയാണ് മൂസേവാല കണ്ടിരുന്നത്. മരിക്കുന്നതിന് മുമ്പ് മൂസേവാലക്ക് ലഭിച്ച ഭീഷണി കോളുകളെ കുറിച്ച് അഫ്സാനക്ക് അറിവുള്ളതായാണ് റിപ്പോർട്ടുകൾ.
1994ൽ പഞ്ചാബിലെ ശ്രീ മുക്ത്സർ സാഹിബിലെ ഒരു സംഗീത കുടുംബത്തിലാണ് അഫ്സാന ഖാൻ ജനിച്ചത്. അവരുടെ അച്ഛൻ ഷിറാ ഖാനും സഹോദരൻ ഖുദാ ബക്ഷും സംഗീതജ്ഞരായിരുന്നു. പഞ്ചാബിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അഫ്സാന വളരെ പ്രശസ്തയാണ്.
വോയ്‌സ് ഓഫ് പഞ്ചാബ് എന്ന റിയാലിറ്റോ ഷോയിൽ അവർ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. സാമ്പത്തികമായി വളരെ ചെറിയ ചുറ്റുപാടിൽ നിന്ന് വന്ന അഫ്സാന ഖാൻ ഇന്ന് രാജ്യത്തെ ഏറ്റവും ജനപ്രിയ ഗായികമാരിൽ ഒരാളാണ്. തിത്ലിയാൻ വർഗ എന്ന ബ്ലോക്ക്ബസ്റ്റർ ഗാനത്തിലൂടെയാണ് അഫ്സാന ജനപ്രീതി നേടിയത്.
ബിഗ് ബോസ് പതിനഞ്ചാം സീസണിൽ മത്സരാർഥിയായിരുന്ന അഫ്സാനയെ ചെറിയ പ്രശ്നങ്ങളുടെ പേരിൽ പലപ്പോഴും സ്വയം പീഡിപ്പിക്കുന്നതായി ചൂണ്ടി കാട്ടി റിയാലിറ്റോ ഷോയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഈ വർഷമാണ് അഫ്സാനയുടെ വിവാഹം നടന്നത്. വിവാഹത്തിൽ മൂസേവാലയും പങ്കെടുത്തിരുന്നു.
മെയ് 29ന് ലോറൻസ് ബിഷ്‌ണോയി സംഘമാണ് മാൻസയിൽ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയത്. ലോറൻസ് ബിഷ്ണോയി-ഗോൾഡി ബ്രാർ സംഘത്തിന്‍റെ എതിർ ചേരിയിലുള്ള ബാംബിഹയുടെ സംഘവുമായി അഫ്സാനക്ക് ബന്ധമുണ്ടെന്നാണ് എൻ.ഐ.എയുടെ സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.