ന്യൂഡൽഹി: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലയാളികൾ ബോളിവുഡ് നടൻ സൽമാൻ ഖാനെയും വധിക്കാൻ പദ്ധതിയിട്ടതായി പഞ്ചാബ് പൊലീസ്. ചോദ്യം ചെയ്യലിനിടെ കേസിലെ പ്രതി കപിൽ പണ്ഡിറ്റാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.
കേസിലെ മറ്റു പ്രതികളായ സച്ചിൻ ബിഷ്‌ണോയി, സന്തോഷ് യാദവ് എന്നിവർ വഴി കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവൻ ഗോൾഡി ബ്രാർ ആണ് ഇതിനായി ക്വട്ടേഷൻ നൽകിയത്. മൂസെവാല വധത്തിൽ മഹാരാഷ്ട്രയിൽ അറസ്റ്റിലായ സന്തോഷ് യാദവും കേസിലെ മറ്റൊരു പ്രതി സച്ചിൻ ബിഷ്‌ണോയിയും ക്വട്ടേഷനിൽ പങ്കാളികളായിരുന്നെന്ന് പഞ്ചാബ് പൊലീസ് മേധാവി ഗൗരവ് യാദവ് ചണ്ഡീഗഡിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇതിനായി സംഘം ദിവസങ്ങളോളം മുംബൈയിൽ താമസിച്ച് സൽമാൻ ഖാന്റെ വീടും പരിസരവും നിരീക്ഷിച്ചതായും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ചയാണ് ബംഗാൾ–നേപ്പാൾ അതിർത്തിക്കു സമീപത്തുവെച്ച് സിദ്ദു മൂസെവാല കേസിലെ പ്രതിയായ ദീപക് മുണ്ടിയെയും കൂട്ടാളികളായ കപിൽ പണ്ഡിറ്റിനെയും രജീന്ദറിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. മാൻസ കോടതിയിൽ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
നേരത്തെ, വധഭീഷണിയുടെ പശ്ചാത്തലത്തിൽ തോക്ക് കൈവശം വെക്കുന്നതിന് സൽമാൻ ഖാന് മുംബൈ പൊലീസ് അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.