തുരങ്ക രക്ഷാപ്രവർത്തനം പ്രയാസമേറിയത്, ഏറെ നീളാൻ സാധ്യതയെന്ന് ദുരന്തനിവാരണ സേന

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഉത്തരകാശിയിൽ നിർമാണത്തിലുള്ള സിൽക്യാര തുരങ്കം തകർന്ന് ഉള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പ്രയാസമേറിയതെന്ന് കേന്ദ്ര ദുരന്തനിവാരണ സേന. രക്ഷാപ്രവർത്തനം പൂർത്തിയാകാൻ കരുതിയതിലുമേറെ സമയമെടുക്കുമെന്നാണ് നിഗമനം. തുരങ്കകവാടത്തിൽ വീണ അവശിഷ്ടങ്ങൾ തുരന്നുള്ള രക്ഷാപ്രവർത്തനം യന്ത്രത്തിന് തകരാർ സംഭവിച്ചതോടെ നിലച്ചിരിക്കുകയാണ്. അവശേഷിക്കുന്ന ഭാഗം യന്ത്രസഹായമില്ലാതെ തുരന്നോ, അല്ലെങ്കിൽ മുകളിൽ നിന്ന് താഴേക്ക് തുരന്നോ രക്ഷാപ്രവർത്തനം തുടരാനാണ് നീക്കം.


കഴിഞ്ഞ രണ്ടുദിവസമായി രക്ഷാപ്രവർത്തനം ഒട്ടും മുന്നോട്ടുപോയിട്ടില്ല. അവശിഷ്ടങ്ങൾക്കിടയിലൂടെ തുരന്ന് 60 മീറ്റർ നീളത്തിൽ വ്യാസമേറിയ പൈപ്പ് സ്ഥാപിച്ച് അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനായിരുന്നു പദ്ധതി. 48 മീറ്ററോളം തുരന്ന് പൈപ്പ് സ്ഥാപിച്ചെങ്കിലും അവസാനഘട്ടം അതീവ ദുഷ്കരമായി. തുരക്കുന്ന ഓഗർ മെഷീന്‍റെ ബ്ലേഡുകൾ ഇന്നലെ അവശിഷ്ടങ്ങളിൽ കുടുങ്ങി പൊട്ടിയതോടെ തുടർപ്രവർത്തനം നിർത്തി. ഓഗർ മെഷീൻ ഉപയോഗിച്ച് ഇനി തുരക്കാനാവാത്ത സാഹചര്യമാണ്.

12 മീറ്ററോളം ഭാഗമാണ് ഇനി തുരക്കാൻ അവശേഷിക്കുന്നത്. യന്ത്രസഹായമില്ലാതെ ഇത്രയും ഭാഗം നേരിട്ട് തുരക്കുന്നത് ഏറെ അപകടം നിറഞ്ഞതാണെന്നും വിചാരിക്കുന്നതിലുമേറെ സമയമെടുക്കുമെന്നും ദുരന്തനിവാരണ സേന പറയുന്നു. കമ്പിയും കോൺക്രീറ്റ് സ്ലാബുകളും ഉൾപ്പെടെ അവശിഷ്ടങ്ങൾ നിറഞ്ഞുകിടക്കുകയാണ് തുരങ്കത്തിൽ.


തുരങ്കത്തിന് മുകളിൽ നിന്ന് താഴേക്ക് തുരക്കുകയെന്നതാണ് പരിഗണനയിലുള്ള മറ്റൊരു മാർഗം. മലമുകളിൽ നിന്ന് 82 മീറ്ററോളം ഇത്തരത്തിൽ തുരന്നുവേണം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നിടത്തേക്കെത്താൻ. മുകളിലേക്ക് യന്ത്രങ്ങളെത്തിക്കാൻ റോഡ് നിർമിച്ചിട്ടുണ്ട്. നേരത്തെ, രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനെത്തിയ അന്താരാഷ്ട്ര വിദഗ്ധൻ ആർനോൾഡ് ഡിക്സും നിർദേശിച്ചത് മുകളിൽ നിന്ന് തുരക്കാനായിരുന്നു. എന്നാൽ, പർവവതമേഖലയിലുൾപ്പെടുന്ന പ്രദേശത്തിന്‍റെ ഭൂപ്രകൃതി പരിഗണിച്ചാണ് തുടക്കത്തിൽ മുകളിൽ നിന്ന് തുരക്കൽ ഒഴിവാക്കിയത്.

നവംബർ 12നാണ് നിർമാണത്തിലുള്ള സിൽക്ക്യാര തുരങ്കത്തിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് 41 തൊഴിലാളികൾ ഉള്ളിൽ കുടുങ്ങിയത്. ഇവരെ നിരന്തരമായി ബന്ധപ്പെടുകയും കുഴലിലൂടെ ഭക്ഷണവും വെള്ളവും ഉൾപ്പെടെ നൽകുകയും ചെയ്യുന്നുണ്ട്. ഇവരുടെ ആരോഗ്യനിലയും തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്.

Tags:    
News Summary - Silkyara tunnel rescue dangerous may take a long time NDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.