സിൽക്യാര(ഉത്തരകാശി): ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തിൽ വലിയ പുരോഗതി. അകത്ത് കുടുങ്ങിയ ഓഗർ മെഷീന്റെ സ്പൈറൽ ബ്ലേഡുകളും ഇടിഞ്ഞുവീണ ലോഹഭാഗങ്ങളും ഗ്യാസ് കട്ടറുപയോഗിച്ച് മുറിച്ചുമാറ്റിയതോടെ മൂന്ന് ദിവസമായി മുടങ്ങിക്കിടന്ന കുഴൽപാത നിർമാണം തിങ്കളാഴ്ച വൈകീട്ട് പുനരാരംഭിച്ചു.
കുഴലിനകത്തേക്ക് ബാച്ചുകളാക്കി തൊഴിലാളികളെ കയറ്റിയിരുത്തി കൈകൊണ്ട് മണ്ണുനീക്കം ചെയ്യിച്ച് ഓഗർ മെഷീൻ കൊണ്ട് ഇരുമ്പു കുഴൽ തള്ളിക്കയറ്റി. തിങ്കളാഴ്ച ഒരു മീറ്റർ ദൂരം കുഴൽപാത മുന്നോട്ടുപോയി. ഈ രീതിയിൽ തടസമില്ലാതെ മുന്നോട്ടുപോകാനായാൽ 12 മണിക്കൂർ കൊണ്ട് ലക്ഷ്യം കൈവരിക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കൈകൊണ്ട് കുഴൽപാത ഒരുക്കുന്ന തൊഴിലാളികൾ. അതോടൊപ്പം മല താഴേക്ക് തുരന്നുള്ള സമാന്തര രക്ഷാദൗത്യം തിങ്കളാഴ്ച 36 മീറ്റർ താഴോട്ട് എത്തിയിട്ടുണ്ട്.
കുഴൽപാതക്കായി നേരത്തെ ഓഗർ മെഷീൻ സ്പൈറൽ ബ്ലേഡ് കൊണ്ട് ചെയ്തിരുന്ന പ്രവൃത്തി കൈകൊണ്ട് ചെയ്യാനായി 24 മണിക്കൂർ നേരം തുടരാൻ 24 തൊഴിലാളികളെ മൂന്ന് ബാച്ചുകളാക്കി തിരിച്ചിരിക്കുകയാണ്. കൈകൊണ്ട് മണ്ണുമാന്തി നീക്കിയ ശേഷം ഇരുമ്പുകുഴൽ തള്ളിക്കയറ്റുന്ന പ്രവൃത്തി ഓഗർ മെഷീൻ തന്നെയാണ് ചെയ്യുന്നത്.
ബ്ലേഡുകൾ കുടുങ്ങിയും ലോഹഭാഗങ്ങളിലുരഞ്ഞും കേടുപറ്റിയതിനാൽ കുഴൽപാതക്കായി ആദ്യം കയറ്റിയ ഇരുമ്പുകുഴലിന്റെ രണ്ട് മീറ്ററിലധികം മുറിച്ചുമാറ്റിയിട്ടുണ്ട്. അത്രയും കൂടി പുതുതായി കുഴൽ കയറ്റും. തുരങ്കത്തിനകത്തുകൂടി 32 ഇഞ്ച് വ്യാസമുള്ള കുഴൽപാത പൂർത്തിയാക്കാനായി ഏതാനും മീറ്ററുകൾ മാത്രം ബാക്കി നിൽക്കേയാണ് അമേരിക്കൻ ഓഗർ മെഷീന്റെ ബ്ലേഡുകൾ ഉള്ളിൽ കുടുങ്ങിയത്. ഒമ്പതാമത്തെ കുഴൽ 2.2 മീറ്റർ ദൂരം മുന്നോട്ടു തള്ളിയ നിലയിലെത്തിയപ്പോഴായിരുന്നു ഇത്.
അതേസമയം മല താഴോട്ട് തുരന്നുള്ള ബദൽ രക്ഷാദൗത്യം ചൊവ്വാഴ്ച 36 മീറ്റർ താഴ്ചയിലെത്തി. ഇതിനിടയിൽ വെള്ളം പുറത്തേക്ക് വന്നുവെങ്കിലും റിഗ് യന്ത്രം ഉപയോഗിച്ച് കുഴിക്കുന്ന പ്രവൃത്തി തുടർന്നു. മലമുകളിൽ നിന്ന് തകർന്ന തുരങ്കം വരെ 84 മീറ്ററാണ് കുഴിക്കാനുള്ളത്. മഴയുടെ ഭീഷണിയുയർത്തി കാർമേഘം മൂടിക്കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിലാണ് സിൽക്യാരയിലെ രക്ഷാദൗത്യം തിങ്കളാഴ്ച പുനരാരംഭിച്ചത്.
കേന്ദ്ര മന്ത്രി വി.കെ സിങ്ങ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി പി.കെ മിശ്ര, ഉത്തരഖണ്ഡ് ചീഫ് സെക്രട്ടറി എസ്.എസ് സന്ധു എന്നിവർ രക്ഷാദൗത്യത്തിന്റെ പുരോഗതി വിലയിരുത്താൻ തിങ്കളാഴ്ച തുരങ്കമുഖത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.