ന്യൂഡൽഹി: ആലുവ പാനായിക്കുളം ഹാപ്പി ഒാഡിറ്റോറിയത്തിൽ 2006ൽ നടത്തിയ പൊതുപരിപാട ി സിമി ക്യാമ്പ് ആണെന്ന കുറ്റാരോപണം തള്ളിയ കേരള ഹൈകോടതി വിധിക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) സമർപ്പിച്ച അപ്പീലിൽ, ജയിൽമോചിതരായ അഞ്ചു യുവാക്കൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ 2006ലെ കേസിെൻറ അപ്പീൽ അസമിലെ 2007ലെ ടാഡ കേസിെൻറ അപ്പീലുമായി ചേർത്തുവെക്കുകയാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അഞ്ചുപേരെ വെറുതെവിട്ട ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചിേൻറതാണ് ഉത്തരവ്. കേരളത്തിലെ പാനായിക്കുളം കേസും അസമിലെ നിരോധിത സംഘടനയായ ‘ഉൾഫ’യുെട അംഗമാണെന്ന് ആരോപിച്ച് ടാഡ കോടതി ശിക്ഷിച്ച അരൂപ് ഭുയാനെ കുറ്റമുക്തനാക്കിയതിനെതിരായ അപ്പീലും ഒരുമിച്ചു കേൾക്കുമെന്നാണ് ഉത്തരവിലുള്ളത്. ജസ്റ്റിസുമാരായ അരുൺമിശ്ര, എസ്. അബ്ദുൽ നസീർ, എം.ആർ. ഷാ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ഇൗ മാസം ഒമ്പതിന് പരിഗണിച്ച കേസാണിത്.
പാനായിക്കുളം കേസില്‍ കുറ്റക്കാരെന്ന് എൻ.ഐ.എ കോടതി കണ്ടെത്തി 14 വര്‍ഷം കഠിനതടവിന് വിധിച്ച ഒന്നും രണ്ടും പ്രതികളും ഈരാറ്റുപേട്ട സ്വദേശികളുമായ ഹാരിസ് എന്ന പി.എ. ഷാദുലി, അബ്ദുൽ റാസിക്, 12 വർഷം തടവിന് ശിക്ഷിച്ച മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി അൻസാർ നദ്വി, നാലാം പ്രതി പാനായിക്കുളം സ്വദേശി നിസാമുദ്ദീൻ എന്ന നിസുമോൻ, അഞ്ചാം പ്രതി ഈരാറ്റുപേട്ട സ്വദേശി ഷമ്മി എന്ന ഷമ്മാസ് എന്നിവരെയാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് അശോക് മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വെറുതെവിട്ടത്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന 13ാം പ്രതി സാലിഹിെൻറ ആവശ്യം അനുവദിച്ച കേരള ഹൈകോടതി 11 പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെ എൻ.െഎ.എ സമർപ്പിച്ച ഹരജി തള്ളുകയും ചെയ്തു.
2006 ആഗസ്റ്റ് 15ന് ആലുവക്കടുത്ത് പാനായിക്കുളത്ത് ‘സ്വാതന്ത്ര്യദിനത്തില്‍ മുസ്ലിംകളുടെ പങ്ക്’ എന്ന വിഷയത്തില്‍ ചർച്ച നടത്തിയത് നിരോധിത സംഘടനയായ സ്റ്റുഡൻറ്സ് ഇസ്ലാമിക് മൂവ്മെൻറ് ഓഫ് ഇന്ത്യ (സിമി) ആണെന്ന് ആരോപിച്ച് ബിനാനിപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതാണ് തുടക്കം. കേരള പൊലീസിെൻറ പ്രത്യേക സംഘം അന്വേഷിച്ച കേസ് 17 പേരെ കേസിൽ പ്രതിയാക്കി എൻ.ഐ.എക്ക് കൈമാറി. കേസിൽ പ്രതിചേർത്ത മറ്റൊരാൾ പ്രായപൂർത്തിയാകാത്ത ബാലനായിരുന്നു. ഇതിൽ 11 പേരെയും വിചാരണ കോടതിതന്നെ വെറുതെവിട്ടു.
അഞ്ചുപേരെ കുറ്റക്കാരായി വിധിച്ച എൻ.െഎ.എ കോടതിക്ക് ഗുരുതര പിഴവ് സംഭവിെച്ചന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കെടുക്കൽ, നിയമവിരുദ്ധ സംഘടനയിലും കൂട്ടായ്മയിലും പങ്കാളിയാകൽ തുടങ്ങി ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും പ്രതികളെ കുറ്റക്കാരായി കണ്ടതിലും ശിക്ഷ വിധിച്ചതിലും കീഴ്കോടതിക്ക് ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്നും വിധിയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.