ഹാഥറസ് കൂട്ടബലാൽസംഗം: അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ 10 ദിവസം കൂടി നീട്ടിനൽകി

ലക്നോ: ഹാഥറസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വൈകും. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് 10 ദിവസം കൂടി ഉത്തർപ്രദേശ് സർക്കാർ നീട്ടിനൽകി. കേസിൽ നാലു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇന്നായിരുന്നു മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. എന്നാൽ, അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സമയം നീട്ടിനൽകിയതെന്ന് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി അവിനാശ് കെ. അശ്വതി പറഞ്ഞു.

പെൺകുട്ടിയുടെ വീട്ടിൽ ഞായറാഴ്ച എത്തിയ പ്രത്യേക അന്വേഷണ സംഘം കുടുംബാംഗങ്ങളിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൃത്യവിലോപം കാട്ടിയ ഹാഥറസ് എസ്.പിയെയും പൊലീസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക് ഉത്തർപ്രദേശ് സർക്കാർ കൈമാറി.

അതേസമയം, രാജ്യാന്തര ഫണ്ട് ഉപയോഗിച്ച് ജാതി-വർഗീയ കലാപങ്ങൾക്ക് അടിത്തറ പാകാൻ പ്രതിപക്ഷം നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് പ്രതിഷേധങ്ങളെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിക്കുന്നത്. ആരോപണത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന പ്രസ്താവനയാണ് ആദിത്യനാഥ് നടത്തിയതെന്ന് രാഹുൽ ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.