ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായി അരങ്ങേറുന്ന ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും അടിയന്തരമായി ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളിക്കളഞ്ഞതിൽ പ്രതിഷേധിച്ച കോൺഗ്രസ് എം.പിമാരെ സ്പീക്കർ സുമിത്ര മഹാജൻ ലോക്സഭയിൽ നിന്ന് ഒരാഴ്ചക്കാലത്തേക്ക് സസ്പെൻഡ് ചെയ്തു. കേരളത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, അസം മുൻ മുഖ്യമന്ത്രി തരുൺ ഗോേഗായിയുടെ മകൻ ഗൗരവ് ഗോഗോയി, സുഷ്മിതാ ദേവി, രഞ്ജീത് രഞ്ജൻ, അധിർ ചൗധരി എന്നിവർക്കാണ് മുദ്രാവാക്യം വിളിച്ച് സ്പീക്കറുടെ ചെയറിലേക്ക് കടലാസുകളെറിഞ്ഞ് സഭാനടപടികൾ തടസ്സപ്പെടുത്തിയതിന് ഇൗയാഴ്ചത്തെ അഞ്ച് പ്രവൃത്തി ദിനങ്ങളിലും സസ്പെൻഷൻ.
ഇത് രണ്ടാം തവണയാണ് സ്പീക്കർ സുമിത്ര മഹാജൻ കോൺഗ്രസ് അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നത്. 2015 ജൂലൈയിൽ 25 കോൺഗ്രസ് എം.പിമാരെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷനിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ ഇന്ന് ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണ നടത്തും. സഭ രാവിലെ 11ന് സമ്മേളിച്ചപ്പോൾ രാജ്യത്തുടനീളം അരങ്ങേറുന്ന ആൾക്കൂട്ട ആക്രമണത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ വിവരം ലോക്സഭയിലെ കോൺഗ്രസ് സഭ നേതാവ് മല്ലികാർജുൻ ഖാർഗെ ഒാർമിപ്പിച്ചു. തൃണമൂൽ കോൺഗ്രസിലെ സൗഗത റോയിയും ഇടതുപക്ഷവും ഇൗ ആവശ്യത്തെ പിന്തുണച്ചു. എന്നാൽ, സർക്കാർ അക്രമത്തെ അപലപിച്ചിട്ടുണ്ടെന്നും ഇക്കാര്യം രാജ്യസഭയിൽ അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയിട്ടുണ്ടെന്നും ചർച്ചക്ക് അനുമതി നൽകരുതെന്നും കേന്ദ്രമന്ത്രി അനന്ത്കുമാർ ആവശ്യപ്പെട്ടു. ഇതോടെ ബി.ജെ.പി എം.പിമാർ ഒന്നടങ്കം ബഹളം വെച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇൗ സമയത്ത് സഭയിലുണ്ടായിരുന്നു.
ഖാർഗെയെ ഗൗനിക്കാതെ അടിയന്തരപ്രമേയത്തിനുള്ള അവതരണാനുമതി നിഷേധിച്ച സ്പീക്കർ ചോദ്യോത്തരവേളയിലേക്ക് കടന്നു. പ്രതിപക്ഷനിര ഒന്നടങ്കം എഴുന്നേറ്റുനിന്നിട്ടും അവരെന്താണ് പറയുന്നത് എന്ന് കേൾക്കാൻപോലും സ്പീക്കർ തയാറായില്ല. ഇൗ അവസരത്തിൽ കേരളത്തിൽ നിന്നുള്ള കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവരടക്കം കോൺഗ്രസ് എം.പിമാർ ഒന്നടങ്കം പ്രതിഷേധവുമായി എഴുന്നേറ്റ് നടുത്തളത്തിലേക്ക് മുദ്രാവാക്യവുമായി നീങ്ങി. 11.45 വരെ മുദ്രാവാക്യം വിളിച്ചിട്ടും സ്പീക്കർ വിഷയത്തിൽ എന്തെങ്കിലും സംസാരിക്കാൻ മല്ലികാർജുൻ ഖാർഗെക്ക് അവസരം കൊടുത്തില്ല. തുടർന്ന് 20 മിനിറ്റോളം സഭയുെട നടുത്തളത്തിൽ എം.പിമാർ കുത്തിയിരിപ്പ് സമരവും നടത്തി.
ചോദ്യോത്തരവേള കഴിഞ്ഞ് ശൂന്യവേളയിലേക്ക് കടന്നിട്ടും ആൾക്കൂട്ടആക്രമണം ചർച്ച ചെയ്യാൻ അവസരം നൽകിയില്ല. മല്ലികാർജുൻ ഖാർഗെ ശൂന്യവേളയിൽ സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും മൈക്ക് ഒാഫാക്കിയ സ്പീക്കർ ബി.ജെ.പി എം.പിമാരെ വിഷയം അവതരിപ്പിക്കാൻ വിളിച്ചത് പ്രതിപക്ഷത്തെ കുടുതൽ പ്രകോപിപ്പിച്ചു. ബോേഫാഴ്സ് അടക്കമുള്ള പഴയ വിഷയങ്ങൾ അവതരിപ്പിക്കാനാണ് സുമിത്ര മഹാജൻ ശൂന്യവേളയിൽ അനുമതി കൊടുത്തത്. ഒരേവിഷയം തന്നെ മൂന്ന് എം.പിമാർ ഉന്നയിച്ചതോടെ ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പുകോർത്തു. ഇതിനിടയിലാണ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് കടലാസുകൾ കീറിയെറിഞ്ഞത്.
രാവിലെ ലോക്സഭയുടെ കാര്യോപദേശകസമിതി അജണ്ട നിർണയിക്കാൻ ചേർന്നപ്പോഴും ഭരണപക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള സഭയിൽ ഇൗ ചർച്ച അനുവദിക്കില്ല എന്ന നിലപാടാണ് എടുത്തതെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കേരളത്തിൽ നിന്നുള്ള എം.പിമാരായ എം.കെ. രാഘവനും കൊടിക്കുന്നിൽ സുരേഷും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗോരക്ഷകഗുണ്ടകളെ തള്ളി ഏത് വിഷയവും ചർച്ച ചെയ്യാൻ തയാറാണെന്ന് സഭക്ക് പുറത്തുപറയുകയും സഭയിൽ ചർച്ച ചെയ്യുേമ്പാൾ അതിൽ നിന്ന് ഒളിച്ചോടുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇരുവരും കുറ്റപ്പെടുത്തി. കഴിഞ്ഞയാഴ്ച കർഷകആത്മഹത്യ ലോക്സഭ ചർച്ച ചെയ്തപ്പോൾ രാജ്യസഭയിൽ ആൾക്കൂട്ട ആക്രമണം ചർച്ചചെയ്യാനും ഇൗയാഴ്ച മറിച്ചും ചെയ്യാനായിരുന്നു പ്രതിപക്ഷതീരുമാനമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.