ബംഗളൂരു: ലൈംഗികപീഡനാേരാപണത്തിൽ കുടുങ്ങി ബി.ജെ.പി മന്ത്രി രമേശ് ജാർക്കിഹോളി രാജിവെച്ചതോടെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽനിന്നു മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് കർണാടകയിലെ കൂടുതൽ മന്ത്രിമാർ കോടതിയിലേക്ക്.
യുവതിയുമായുള്ള മുൻ മന്ത്രി രമേശ് ജാർക്കിഹോളിയുടെ സ്വകാര്യ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തായതിെൻറ പശ്ചാത്തലത്തിലാണ് 'ബ്ലാക്ക് മെയിലിങ്' ഭയന്ന് ബി.ജെ.പി സർക്കാറിലെ കൂടുതൽ മന്ത്രിമാർ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം ഈ ആവശ്യമുന്നയിച്ച് ആറു മന്ത്രിമാർ നൽകിയ ഹരജിയിൽ അപകീർത്തികരമായ വാർത്ത നൽകുന്നത് വിലക്കിക്കൊണ്ട് ബംഗളൂരു അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെൻഷൻസ് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
തൊഴിൽ മന്ത്രി ശിവറാം ഹെബ്ബാർ, കൃഷിമന്ത്രി ബി.സി. പാട്ടീൽ, സഹകരണ മന്ത്രി എസ്.ടി. സോമശേഖർ, ആരോഗ്യ മന്ത്രി ഡോ.കെ. സുധാകർ, കായിക-യുവജന ശാക്തീകരണ മന്ത്രി കെ.സി. നാരായണ ഗൗഡ, നഗരവികസന മന്ത്രി ബൈരതി ബസവരാജ് എന്നിവരാണ് കോടതിയിൽ ഹരജി നൽകി അനുകൂല വിധി നേടിയത്.
അപകീർത്തികരമായ വാർത്തേയാ വിഡിയോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കുന്നതിൽനിന്നാണ് 68 മാധ്യമസ്ഥാപനങ്ങളെ കോടതി താൽക്കാലികമായി തടഞ്ഞത്. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനെ താഴെയിറക്കുന്നതിനായി വിമതനീക്കം നടത്തിയ, ബി.ജെ.പിയിലെത്തി മന്ത്രിയായവരാണിപ്പോൾ തങ്ങൾക്കെതിരായ വാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.
നിക്ഷിപ്ത താൽപര്യക്കാർ മാനഹാനിയുണ്ടാക്കുന്നതിനായി വാർത്തകൾ നൽകാനിടയുണ്ടെന്നും ഇത് തടയണമെന്നുമാണ് മന്ത്രിമാർ ഹരജിയിൽ വാദിച്ചത്.
സഖ്യസർക്കാറിൽ വിമതനീക്കം നടത്തിയ 17 എം.എൽ.എമാരും ഇത്തരം ഭീഷണി നേരിടുന്നുണ്ടെന്നാണ് ആരോപണം. വൈകാതെ മന്ത്രിമാർ ഉൾപ്പെടെ പത്തു എം.എൽ.എമാർകൂടി ഇതേ ആവശ്യവുമായി കോടതിയെ സമീപിക്കുമെന്ന് മന്ത്രി എസ്.ടി. സോമശേഖർ പറഞ്ഞു.
സഖ്യസർക്കാറിനെ താഴെയിറക്കാൻ ഉത്തരവാദികളായതിനാലാണ് തങ്ങളെ ലക്ഷ്യമിടുന്നതെന്നും കാലങ്ങളായി കെട്ടിപ്പടുത്ത രാഷ്ട്രീയജീവിതം തകർക്കാനാണ് ശ്രമമെന്നും സോമശേഖർ പറഞ്ഞു. ഇതിനിടെ, മന്ത്രിമാരുടെ നീക്കം കൂടുതൽ സംശയങ്ങൾക്കിടയാക്കുമെന്ന വിമർശനവുമായി കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദഗൗഡ രംഗത്തെത്തി.
നിലവിലെ സാഹചര്യത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയുന്നത് കൂടുതല്‍ സംശയത്തിനും അഭ്യൂഹങ്ങള്‍ക്കും ഇടവരുത്തുമെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. വിഷയം വ്യക്തിപരമായി നേരിട്ടിരുന്നുവെങ്കില്‍ സംശയങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ നടപടി വ്യക്തിപരമാണെന്നാണ് ബി.ജെ.പി നിലപാട്.
എന്നാൽ, ജാർക്കിഹോളിക്കെതിരായ ആരോപണങ്ങൾക്ക് സമാനമായി കോടതിയെ സമീപിക്കുന്ന മന്ത്രിമാരും സമാനമായ രീതിയിൽ എന്തിനെയോ ഭയക്കുന്നുണ്ടെന്നും അതിനാലാണ് ഇപ്പോൾ നെട്ടോട്ടമോടുന്നതെന്നുമാണ് പ്രതിപക്ഷത്തിെൻറ വിമർശനം.
അതേസമയം, തനിക്കെതിരെ വിഡിയോ ദൃശ്യങ്ങളുണ്ടെങ്കിൽ ദേശീയ തലത്തിൽതന്നെ സംപ്രേഷണം ചെയ്യാമെന്നും ഇതിനെ ഭയന്ന് കോടതിയെ സമീപിക്കില്ലെന്നുമാണ് വിമത നീക്കം നടത്തിയ, ബി.ജെ.പിയിലെത്തിയ മുനിരത്ന എം.എൽ.എ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.