ശ്രീനഗർ: ജമ്മു മേഖലയിലെ വിവിധ ഭാഗങ്ങളിൽ അവശ്യകാര്യങ്ങൾക്കായി ബ്രോഡ് ബാൻഡ്, ഇൻറർനെറ്റ് സേവനങ്ങൾ ജമ്മു കശ്മീർ ഭരണകൂടം ഭാഗികമായി പുനഃസ്ഥാപിച്ചു. കേന്ദ്ര ഭരണ പ്രദേശമായ ഇവിടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി. ഭരണഘടനയുടെ 19ാം വകുപ്പ് അനുസരിച്ച് ഇൻറർനെറ്റ് മൗലികാവകാശമാണെന്നും കോടതി പറഞ്ഞിരുന്നു.
തുടർന്ന് ആശുപത്രികൾ, ബാങ്കുകൾ, സർക്കാർ ഓഫിസുകൾ തുടങ്ങിയവയുടെ അവശ്യ സേവനം മുൻനിർത്തി ബ്രോഡ്ബാൻഡ്, ഇൻറർനെറ്റ് സൗകര്യം ഒരുക്കിക്കൊടുക്കാൻ ഇൻറർനെറ്റ് സേവന ദാതാക്കൾക്ക് മൂന്ന് പേജ് വരുന്ന ഉത്തരവിലൂടെ ഭരണകൂടം നിർദേശിക്കുകയായിരുന്നു. വിനോദ സഞ്ചാര സൗകര്യത്തിെൻറ ഭാഗമായി ഹോട്ടലുകൾക്കും യാത്ര ഏജൻസികൾക്കും ഇൻറർനെറ്റ് നിയന്ത്രണത്തിൽ ഇളവ് വരുത്തുമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം, സമൂഹമാധ്യമ നിയന്ത്രണം സമ്പൂർണമായി തുടരുമെന്നും ഇതു വ്യക്തമാക്കുന്നു.
ഇൻറർനെറ്റ് സൗകര്യം ഒരുക്കിക്കൊടുക്കുന്ന സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളും അതിെൻറ ദുരുപയോഗം തടയുന്നതിനുകൂടി ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവിലുണ്ട്.
370ാം വകുപ്പ് റദ്ദാക്കിയ കഴിഞ്ഞ ആഗസ്റ്റ് അഞ്ചു മുതലാണ് ഇൻറർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. ഇതിനെതിരെ ഒരു കൂട്ടം ഹരജികൾ സുപ്രീംകോടതി മുമ്പാകെ എത്തി. ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചക്കകം പുനഃപരിശോധിക്കണമെന്നും തുടർന്നുള്ള ഉത്തരവിൽ സുപ്രീംകോടതി ജമ്മു-കശ്മീർ ഭരണകൂടത്തിനു നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.