മോദിക്കും അമിത്ഷാക്കും എതിരെ നിലപാടെടുത്തതിലൂടെ ശ്രദ്ധേയനായ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രാജിവെച്ചു

ന്യൂഡൽഹി: സേവനകാലാവധി കഴിയും മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രാജിവെച്ചു. ഏഷ്യൻ ഡെവലപ്പ്മെന്‍റ് ബാങ്കിന്‍റെ പ്രൈവറ്റ് സെക്ടർ ഓപ്പറേഷൻസ് ആന്‍റ് പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ്പ്സ് ൈവസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാനാണ് രാജിയെന്നാണ് സൂചന. ലവാസയുടെ നിയമന വാർത്ത എ.ഡി.ബി തന്നെയാണ് പുറത്തുവിട്ടത്. ജൂലൈ 31ന് ഇപ്പോഴത്തെ വൈസ്പ്രസിഡന്‍റ് അശോക് ഗുപ്ത സ്ഥാനമൊഴിയുമ്പോൾ ലവാസ സ്ഥാനമേൽക്കും.

1980 ബാച്ച് ഐ.എസ് ഉദ്യോഗസ്ഥനായ ലവാസ 2018 ജനുവരി 23നാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറക്ക് ശേഷം കീഴ്വഴക്ക പ്രകാരം സ്ഥാനമേറ്റെടുക്കേണ്ടത് ലവാസയാണ്. അതിനിടെയാണ് രാജി. സുഷിൽ ചന്ദ്രയാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റൊരംഗം.

2019ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് പെരുമാറ്റചട്ടം ലംഘനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷാക്കും എതിരെ നിലപാടെടുത്തതിലൂടെ ലവാസ ശ്രദ്ദേയനായിരുന്നു. ഇരുവർക്കും മറ്റ് അംഗങ്ങൾ ക്ലീൻചിറ്റ് നൽകിയതിനെതിരെ അദ്ദേഹം രംഗത്ത് എത്തിയിരുന്നു. തന്‍റെ വിയോജിപ്പുകൾ രേഖയാക്കുന്നില്ലെന്ന ആരോപണവും ലവാസ ഉയർത്തിയിരുന്നു. ഇതിനിടെ ലവാസയുടെ ഭാര്യക്ക് ആദായനികുതി നോട്ടീസയച്ചതും ചർച്ചയായിരുന്നു.

നേരത്തേ ധനകാര്യം, പരിസ്ഥിതി, വ്യോമായനം എന്നീ വകുപ്പുകളിൽ സെക്രട്ടറി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരംഗം രാജിവെക്കുന്നത് ഇത് രണ്ടാം തവണയാണ്. 1973ൽ ഹേഗിലെ അന്താരാഷ്ട്ര കേടതി ജഡ്ജി ആയതിനെ തുടർന്ന് രാജിവെച്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ നാഗേന്ദ്ര സിങ് ആണ് ലവാസയുടെ മുന്ഗാമി.

Tags:    
News Summary - Slated to be next CEC, Ashok Lavasa now headed for ADB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.