അത് ഡമ്മി വിമാനമായിരുന്നു...വിമാനത്തിലിരുന്ന് സിഗരറ്റ് വലിച്ച സംഭവത്തിൽ വിശദീകരണവുമായി ബോബി കതാരിയ

ന്യൂഡൽഹി: സ്പൈസ് ജെറ്റിലിരുന്ന് സിഗരറ്റ് വലിച്ചത് വിവാദമായതോടെ സംഭവത്തിൽ വിശദീകരണവുമായി സമൂഹ മാധ്യമ താരം ബോബി കതാരിയ. താൻ സിഗരറ്റ് വലിച്ചത് ഡമ്മി വിമാനത്തിൽ വെച്ചായിരുന്നു എന്നും ദുബയിലെ ഷൂട്ടിങ്ങിന്റെ ഭാഗമായിരുന്നു അതെന്നുമാണ് കതാരിയയുടെ വിശദീകരണം. എന്നാൽ ഈ വർഷം ജനുവരിയിൽ വിമാനത്തിൽ ഇങ്ങനെയൊരു സംഭവം നടന്നതായിസ്ഥിരീകരിച്ച എയർലൈനിന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് കതാരിയയുടെ അവകാശവാദം.

''പുക വലിക്കുന്ന ദൃശ്യത്തിലുള്ള വിമാനം യഥാർഥത്തിൽ ഡമ്മി വിമാനമായിരുന്നു. ദുബയിലെ ഒരു ഷൂട്ടിങ്ങിന്റെ ഭാഗമായാണ് അതെടുത്തത്. മാത്രമല്ല, വിമാനത്തിൽ ലൈറ്റർ കത്തിക്കാൻ അനുവദിക്കാറില്ല''-എന്നായിരുന്നു കതാരിയയുടെ വിശദീകരണം.

2022 ജനുവരിയിൽ വിഡിയോ തങ്ങളുടെ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ വിശദമായ അന്വേഷിച്ചിരുന്നുവെന്നും ഗുരുഗ്രാം പൊലീസിൽ പരാതി നൽകിയിരുന്നുവെന്നുമായിരുന്നു സ്പൈസ് ജെറ്റ് വക്താവിന്റെ വിശദീകരണം.

2022 ജനുവരി 20ന് ദുബയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എസ്.ജി 706 വിമാനത്തിൽ യാത്രക്കാർ കയറുന്നതിനിടെയാണ് വിഡിയോ ചിത്രീകരിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും വിമാനകമ്പനി വക്താവ് പറഞ്ഞിരുന്നു. അപകടകരമാം വിധത്തിൽ വിമാനത്തിലെ സീറ്റിൽ കിടന്ന് സിഗരറ്റ്, ലൈറ്റർ ഉപയോഗിച്ച് കത്തിക്കുകയും തുടർന്ന് പുകവലിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഇത് വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുകയും കേന്ദ്രമന്ത്രി നടപടിയെടുക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും ട്വിറ്ററിൽ ചിലർ വിഡിയോ ഫ്ലാഗ് ചെയ്തിരുന്നു. ഗുർഗാവോൺ സ്വദേശിയായ കതാരിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 6.30 ലക്ഷത്തിലേറെ ഫോ​ളോവേഴ്സ് ഉണ്ട്.

നടുറോഡിൽ മദ്യം കഴിച്ചതിനും കേസ്

വിമാനത്തിലിരുന്ന് സിഗരറ്റു വലിച്ച വിഡിയോയ്ക്കു പിന്നാലെ നടുറോഡിൽ മദ്യം കഴിച്ചത് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതിന് സമൂഹമാധ്യമ താരം ബോബി കതാരിയയ്ക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തിരുന്നു. ഡെറാഡൂണിലെ തിരക്കുള്ള റോഡിലിരുന്ന് മദ്യപിക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതിനാണ് കേസ്.

ജൂലൈ 28ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ബോബി പ്രചരിപ്പിച്ച വിഡിയോയ്ക്കെതിരെ വൻ പ്രതിഷേധം ഉയര്‍ന്നിരുന്നു. 'ഇത് ആസ്വദിക്കാനുള്ള സമയമാണ്' എന്ന കുറിപ്പോടെയാണ് നടുറോഡിൽ കസേരയിട്ട് ഇരുന്ന് മദ്യം കഴിക്കുന്ന വിഡിയോ പ്രചരിപ്പിച്ചത്. 'റോഡ് അപ്നെ ബാപ് കി' എന്ന ബാക്ഗ്രൗണ്ട് മ്യൂസിക്കോടെയാണ് വിഡിയോ. ഐ.പി.സി, ഐ.ടി ആക്ടുകൾ പ്രകാരമാണ് ബോബിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

Tags:    
News Summary - Smoked In "Dummy" Plane: Influencer After Airline Shared Flight Number

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.