ന്യൂഡൽഹി: പ്രളയ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കാത്തതിനെതിരെ നടത്തിയ പരാമർശത്തിൽ തമിഴ്നാട് കായിക-യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും മന്ത്രിയായിരിക്കുമ്പോൾ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
തമിഴ്‌നാടിന് കേന്ദ്രം പണം നൽകാത്തതിന് പിന്നാലെ തങ്ങൾ ആരുടെയും അച്ഛന്റെ പണം ചോദിക്കുന്നില്ലെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾ അടക്കുന്ന നികുതിയുടെ വിഹിതം മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ഉദയനിധി പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ അച്ഛനെയോ അമ്മയെയോ കുറിച്ച് സംസാരിക്കാൻ പാടില്ലെന്നും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയാണെന്ന് അദ്ദേഹം ഓർക്കണമെന്നും നിർമല സീതാരാമൻ പ്രതികരിച്ചു.
"അദ്ദേഹം അച്ഛന്റെ പണത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അച്ഛൻ്റെ സ്വത്ത് ഉപയോഗിച്ചാണോ അദ്ദേഹം അധികാരത്തെ ആസ്വദിക്കുന്നത്? എനിക്ക് അങ്ങനെ ചോദിക്കാമോ? അവനെ ജനങ്ങൾ തെരഞ്ഞെടുത്തതാണ്, അതിനാൽ ഞങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നില്ലേ? രാഷ്ട്രീയത്തിൽ അച്ഛനെയോ അമ്മയെയോ കുറിച്ച് സംസാരിക്കാൻ പാടില്ല", നിർമല പറഞ്ഞു.
രാഷ്ട്രീയ നേതാവെന്ന നിലയിൽ ഇനിയും വളർച്ചയുണ്ടാകേണ്ടിയിരിക്കെ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കേന്ദ്രം ഇതിനകം തമിഴ്നാടിന് 900 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും അത് തന്റെ അച്ഛന്റെയോ അദ്ദേഹത്തിന്റെ പിതാവിന്റെയോ പണമല്ലെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.