ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ഗുരുതരമായവർക്ക് നൽകുന്ന റെംഡിസിവിർ മരുന്നിനായി തടിച്ചുകൂടി ജനം. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് സാമൂഹിക അകലം പാലിക്കാതെ ജനങ്ങൾ എത്തിച്ചേർന്നത്. സ്റ്റേഡിയത്തിൽ മരുന്ന് വിൽക്കുന്നുണ്ടെന്ന് അറിഞ്ഞതോടെയായിരുന്നു ഇത്. കോവിഡ് ബാധിച്ച് അത്യാഹിത നിലയിൽ കഴിയുന്ന പ്രിയപ്പെട്ടവർക്ക് വേണ്ടിയാണ് ജനം തടിച്ചുകൂടിയത്.
'കഴിഞ്ഞ 10 ദിവസമായി റെംഡിസിവർ മരുന്നിനായി അന്വേഷണം നടത്തുകയായിരുന്നു. മാതാവ് കോവിഡ് ബാധിച്ച് ഗുരുതരമായി ആശുപത്രിയിൽ കിടക്കുകയാണ്. ഡോക്ടർമാർ റെംഡിസിവർ മരുന്ന് നൽകണമെന്ന് പറഞ്ഞു' -30കാരനായ സന്ദീപ് രാജ് പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് സന്ദീപിന്‍റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അമ്മയുടെ ജീവൻ രക്ഷിക്കാനാണ് സന്ദീപ് സ്റ്റേഡിയത്തിലെത്തിയത്.
സന്ദീപിനെപോലെ നിരവധിപേരാണ് തങ്ങളുടെ പ്രിയപ്പെട്ടവർക്കായി സ്റ്റേഡിയത്തിലെത്തിയത്. എന്നാൽ അത്യാവശ്യക്കാരല്ലാത്തവരും മരുന്ന് വാങ്ങി സൂക്ഷിക്കുന്നവരുമുണ്ടെന്നാണ് ഉയരുന്ന ആരോപണം.
തമിഴ്നാട്ടിൽ പ്രതിദിനം 7000 റെംഡിസിവിർ ഡോസുകളാണ് കേന്ദ്രം നൽകുന്നത്. എന്നാൽ 20,000 ഡോസുകൾ ആവശ്യമായി വരുന്നിടത്താണ് 7000 ഡോസുകൾ നൽകുന്നതെന്നാണ് തമിഴ്നാട് സർക്കാറിന്‍റെ പ്രതികരണം. കൂടുതൽ ഡോസുകൾ നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.
സ്റ്റേഡിയത്തിൽ വെച്ച് റെംഡിസിവർ വിതരണം ചെയ്യാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ മദ്രാസ് ഹൈകോടതിയെ അറിയിച്ചിരുന്നു. സ്റ്റേഡിയത്തിൽ വലിയ സ്ഥലമുള്ളതിനാൽ സാമൂഹിക അകലം പാലിക്കാൻ കഴിയുമെന്നതായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. ദിവസവും 300 ഡോസുകളാണ് സ്റ്റേഡിയത്തിൽ വിതരണം ചെയ്യുക. എന്നാൽ 200ൽ അധികം പേരാണ് അവിടെ കൂട്ടം കൂടിയത്. ഓരോരുത്തർക്ക് വേണ്ടതും അഞ്ചും ആറും ഡോസ് മരുന്നുകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.