ചെന്നൈ: മഴക്കെടുതിയെക്കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ലക്ഷ്യമിട്ട് ട്വീറ്റ് ചെയ്ത സമൂഹമാധ്യമങ്ങിലെ രാഷ്ട്രീയ നിരീക്ഷകൻ കിഷോർ കെ.സ്വാമിയെ ചെന്നൈ സൈബർ ക്രൈം യൂണിറ്റ് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് തിങ്കളാഴ്ച രാവിലെ ഇയാളെ അറസ്റ്റ് ചെയ്തത്.
ചെന്നൈയിലും സ്റ്റാലിന്റെ മണ്ഡലത്തിലുമുൾപ്പെടെ തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും ഉണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് കിഷോർ കെ.സ്വാമി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ചായിരുന്നു മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനം.
െഎ.പി.സി 153, 294 ബി, 505 (1) (ബി), ഐ.ടി ആക്‌ട് 67 എന്നീ വകുപ്പുകൾ പ്രകാരമാണ് കിഷോറിനെതിരെ കേസെടുത്തത്. തുടർന്നാണ് ഇയാൾ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ ഞായറാഴ്ച ഹരജി തള്ളിയതോടെ തിങ്കളാഴ്ച പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
രാഷ്ട്രീയ നേതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ പരാമർശം നടത്തിയതിനും വനിതാ മാധ്യമപ്രവർത്തകർക്കെതിരെ അപകീർത്തികരമായ രീതിയിൽ പോസ്റ്റിട്ടതിനും കിഷോർ കെ.സ്വാമി നേരത്തെ അറസ്റ്റിലായിരുന്നു. എ.ഐ.എ.ഡി.എം.കെയുടെയും ബി.ജെ.പിയുടെയും അടുത്ത അനുയായിയാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.