ന്യൂഡൽഹി: സംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികളുടെ പ്രോവിഡൻറ് ഫണ്ട് ഘടന മാറ്റുന്നതടക്കം സാമൂഹിക സുരക്ഷ പദ്ധതികളിൽ പൊളിച്ചെഴുത്ത് നിർദേശിക്കുന്ന ബിൽ പാർലമെൻറിൽ. തൊഴിലാളിയുടെയും തൊഴിലുടമയുടെയും പി.എഫ് വിഹിതം നിലവിലെ 12 ശതമാനത്തിൽനിന്ന് താഴ്ത്തി നിശ്ചയിക്കാൻ ലോക്സഭയിൽ അവതരിപ്പിച്ച സാമൂഹിക സുരക്ഷ കോഡ് ബിൽ -2019 വഴിയൊരുക്കും.
കിഴിവുകൾ കഴിഞ്ഞ് ലഭിക്കുന്ന പ്രതിമാസശമ്പളത്തിൽ നേരിയ വർധന വരുത്താൻ പാകത്തിൽ കുറഞ്ഞ പി.എഫ് വിഹിതം അടക്കാൻ ജീവനക്കാരനെ അനുവദിക്കും. 12ൽ നിന്ന് ഒമ്പതു ശതമാനമാക്കുന്ന കാര്യമാണ് പരിഗണനയിൽ. ഇക്കാര്യം തൊഴിലാളിക്ക് തീരുമാനിക്കാം. തൊഴിലാളിയുടെ ശമ്പളബിൽ ഇങ്ങനെ ‘കൃത്രിമ’മായി നേരിയ തോതിൽ വർധിപ്പിക്കുക വഴി, ആ പണംകൂടി ഉപഭോഗത്തിന് ലഭ്യമാക്കാനും വിപണിയെ ചലിപ്പിക്കാനുമാണ് ലക്ഷ്യം. ശമ്പളം കൂടുമെങ്കിലും വിരമിക്കുേമ്പാൾ പി.എഫ് മിച്ചസമ്പാദ്യം കുറയും.
തൊഴിലുടമയുടെ വിഹിതമായ 12 ശതമാനത്തിൽ കുറവു വരുത്തുന്നതും സർക്കാറിെൻറ പരിഗണനയിലുണ്ട്. ബിൽ പാസാക്കിയ ശേഷം ഇക്കാര്യത്തിൽ ചട്ടം കൊണ്ടുവരാനാണ് ഉദ്ദേശ്യം. തൊഴിലാളി, തൊഴിലുടമ വിഹിതം കുറയുന്നത് ജീവനക്കാരെൻറ റിട്ടയർമെൻറ്കാല മിച്ചത്തെ ബാധിക്കും. വിപണിയിൽ കാര്യമായ ചലനം ഇതുവഴി ഉണ്ടാക്കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യത്തെ 50 കോടി തൊഴിലാളികൾക്ക് ബാധകമായ സാമൂഹിക സുരക്ഷ കോഡ് ബിൽ തൊഴിൽമന്ത്രി സന്തോഷ് ഗാങ്വാറാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. സാമൂഹിക സുരക്ഷ സാർവത്രികമാക്കാൻ വഴിതുറക്കുന്നതാണ് ബില്ലെന്ന് സർക്കാർ വിശദീകരിച്ചു.
ബില്ലിലെ പ്രധാന നിർദേശങ്ങൾ
ഇല്ലാതാവുന്നത് എട്ടു നിയമങ്ങൾ
എട്ട് കേന്ദ്ര തൊഴിൽ നിയമങ്ങൾ സംയോജിപ്പിച്ച് നവീകരിച്ചതാണ് സാമൂഹിക സുരക്ഷ ചട്ടം. തൊഴിലാളി നഷ്ടപരിഹാര നിയമം, ഇ.എസ്.ഐ നിയമം, ഇ.പി.എഫ് നിയമം, പ്രസവാനുകൂല്യ നിയമം, ഗ്രാറ്റ്വിറ്റി പേമെൻറ് നിയമം, സിനി വർക്കേഴ്സ് ക്ഷേമനിധി നിയമം, ബിൽഡിങ്-കൺസ്ട്രക്ഷൻ വർക്കേഴ്സ് സെസ് നിയമം, അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ നിയമം എന്നിവയാണ് ഇല്ലാതാവുന്നത്.
44 തൊഴിൽനിയമങ്ങൾ നാലു ചട്ടങ്ങളിലേക്ക് ക്രോഡീകരിക്കുന്ന പരിഷ്കരണത്തിലെ അവസാനത്തെ ചട്ടമാണ് ബുധനാഴ്ച പാർലമെൻറിൽ എത്തിയത്. വേതന, വ്യവസായബന്ധ, ആരോഗ്യ-തൊഴിൽ സാഹചര്യ ചട്ടങ്ങളാണ് മറ്റുള്ളവ. വേതനച്ചട്ടം ആഗസ്റ്റിൽ പാർലമെൻറ് അംഗീകരിച്ചു. മറ്റുള്ളവ പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്.
സാമൂഹിക സുരക്ഷ ചട്ടത്തിനെതിരെ പ്രതിപക്ഷം
ന്യൂഡൽഹി: സാമൂഹികസുരക്ഷ ചട്ട ബില്ലിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികൾ. പാർലമെൻറിെൻറ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പഠനത്തിന് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തൊഴിലാളി വിരുദ്ധവും അവകാശങ്ങൾ നിഷേധിക്കുന്നതുമാണ് ബില്ലെന്ന് അവതരണവേളയിൽ എന്‍.കെ. പ്രേമചന്ദ്രന് കുറ്റപ്പെടുത്തി. തൊഴിലാളികള്‍ക്ക് നിലവിൽ ലഭ്യമായ അവകാശങ്ങള്‍ നിഷേധിക്കുന്നതാണ് ബിൽ. ഇന്ത്യകൂടി അംഗമായ ഐ.എല്‍.ഒ കണ്വെൻഷൻ തീരുമാനത്തിനെതിരാണിത്.
സുപ്രധാന തൊഴില്‍ സാമൂഹിക സുരക്ഷ നിയമങ്ങളിലൂടെ തൊഴിലാളികള്‍ ആര്‍ജ്ജിച്ച അവകാശങ്ങള്‍ ഏകപക്ഷീയമായി നിഷേധിക്കുന്നത് അവകാശ നിഷേധമാണ്. ഭരണഘടനയുടെ മാർഗനിർദേശക തത്ത്വങ്ങളിലെ 42, 43 ്വകുപ്പുകള് നല്കുന്ന അവകാശങ്ങള്‍ നിഷേധിക്കുന്നത് നീതീകരിക്കാവുന്നതല്ല.
163 വകുപ്പുകളും ആറ് പട്ടികകളും ഉള്‍പ്പെടുന്ന വിപുലമായ ബില്‍ നിയമാനുസൃത നോട്ടീസ് നല്‍കാതെ ധിറുതിപിടിച്ച് അവതരിപ്പിക്കുന്നത് ചട്ടലംഘനമാണെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി പറഞ്ഞു. ഇത്തരമൊരു നിയമനിർമാണം തൊഴിലാളികൾ ആവശ്യപ്പെട്ടിട്ടല്ലെന്നും കോർപറേറ്റുകളാണ് ഇത് ആവശ്യപ്പെട്ടതെന്നും തൃണമൂൽ കോൺഗ്രസിലെ സൗഗത റോയ് പറഞ്ഞു. നിയമം ലളിതവത്കരിക്കുന്നതിനു പകരം സങ്കീർണമാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.