ന്യൂഡൽഹി: ഐ ഫോൺ വാങ്ങി നൽകാത്തതിന് മൂന്ന് ദിവസം നിരാഹാരമിരുന്ന് സമ്മർദത്തിലാക്കിയ മകന്റെ ആഗ്രഹം ഒടുവിൽ പൂർത്തീകരിച്ച് പൂ വിൽപനക്കാരിയായ മാതാവ്. ഹരിയാനയിലെ ടണ്ഡ് വാളിലാണ് സംഭവം. ‘ഇൻകൊഗ്നിറ്റൊ’ എന്ന എക്സ് അക്കൗണ്ടിൽ ഐ ഫോൺ വാങ്ങാനെത്തിയ മാതാവിന്റെയും മകന്റെയും വിഡിയോ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഐ ഫോൺ തെരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ച് ചോദിക്കുന്ന വിഡിയോയിൽ മാതാവാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘ഞാൻ ക്ഷേത്രത്തിന് സമീപം പൂക്കൾ വിൽക്കുകയാണ്. മൂന്ന് ദിവസമായി മകൻ ഐ ഫോൺ വാങ്ങിനൽകണമെന്നാവശ്യപ്പെട്ട് ഭക്ഷണം കഴിക്കാതെ സമരത്തിലായിരുന്നു’ -അമ്മ വെളിപ്പെടുത്തി. ആദ്യം മകന്റെ ആവശ്യം മാതാപിതാക്കൾ ചെവികൊണ്ടിരുന്നില്ല. ഇതോടെയാണ് നിരാഹാര സമരം തുടങ്ങിയത്. എന്നാൽ, വെറുതെ പണം നൽകാൻ മാതാവ് തയാറായില്ല. ഫോണിന് ചെലവിടുന്ന തുക അധ്വാനിച്ച് കണ്ടെത്തി തിരികെ നൽകണമെന്ന നിബന്ധനയിലാണ് അമ്മ ഫോൺ വാങ്ങാൻ പണം സംഘടിപ്പിച്ചു നൽകിയത്.
വിഡിയോ വൈറലായതോടെ മകനെതിരെ രൂക്ഷ വിമർശനമാണ് കമന്റ് ബോക്സുകളിൽ. മാതാവിന്റെ പ്രയാസങ്ങൾക്കും കഠിന പ്രയത്നങ്ങൾക്കും ഒരു വിലയും കൊടുത്തില്ലെന്നതാണ് പ്രധാന വിമർശനം. അതേസമയം, ഫോൺ വാങ്ങിനൽകാൻ മാതാവ് മകന് മുന്നിൽവെച്ച നിബന്ധനക്ക് കൈയടിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.