പ്രശസ്തി, വിവാദങ്ങൾ; ഭർത്താവിന്റെ വഴിയേ ദുരൂഹ മരണത്തിന് കീഴടങ്ങി സോനാലിയും...

പട്ന: ആറു വർഷംമുമ്പ് ഭർത്താവ് സഞ്ജയ് ഫോഗട്ട് സ്വന്തം ഫാംഹൗസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനുശേഷം സോനാലി ഫോഗട്ടിന്റെ മരണവും അതുപോലെ ഞെട്ടലും ദുരൂഹതയുമൊക്കെ ഉളവാക്കുന്നതായി. രണ്ടു ദിവസം ഗോവയിൽ സന്ദർശനത്തിനെത്തിയ ബി.ജെ.പി നേതാവു കൂടിയായ 42കാരി ഹൃദയാഘാതത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം രാത്രി അന്തരിച്ചത്. പ്രശസ്തിയും വിവാദങ്ങളും കെട്ടുപിണഞ്ഞ ജീവിതത്തിനൊടുവിൽ ഭർത്താവിന്റെ വഴിയേ സോനാലിയുടെ മരണത്തിലും ദുരൂഹതയുണ്ടെന്നും സി.ബി.ഐ അന്വേഷിക്കണമെന്നുമുള്ള ആവശ്യം ഉയർന്നുകഴിഞ്ഞു.

ടിക് ടോക്കിൽ സജീവമായ അവർക്ക് ഏറെ ആരാധകവൃന്ദം ഉണ്ടായിരുന്നു. 2020ൽ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് സോനാലി ഏറെ പ്രശസ്തയായത്. 2019ൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിസാർ ജില്ലയിലെ ആദംപൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. അന്ന് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കുൽദീപ് ബിഷ്‍ണോയിയോട് പരാജയപ്പെടുകയായിരുന്നു.


ഭർത്താവിന്റെ ആകസ്മിക മരണത്തിനുശേഷം മാനസികമായി ഏറെ പീഡനങ്ങൾ ഏൽക്കേണ്ടിവന്നുവെന്ന് ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സോനാലി തുറന്നുപറഞ്ഞിരുന്നു. താൻ അനുഭവിച്ച കഷ്ടതകളും പത്താം ക്ലാസ് പഠനത്തിനു പിന്നാലെ വിവാഹിതയായ സാഹചര്യവുമൊക്കെ അവർ വിശദീകരിക്കുകയും ചെയ്തു. 'വളരെ ദരിദ്രമായ പശ്ചാത്തലത്തിൽനിന്നാണ് ഞാൻ വരുന്നത്. ഒരു കർഷക കുടുംബത്തിലാണ് എന്റെ ജനനം. മൂന്നു സഹോദരിമാരും ഒരു സഹോദരനുമാണുള്ളത്. ഫത്തേഹാബാദിലെ പയനിയർ കോൺവെന്റ് സ്കൂളിലാണ് പത്താംതരം വരെ പഠിച്ചത്. അതിനു പിന്നാലെ വിവാഹിതയാവുകയും ചെയ്തു. സ്ത്രീകൾ ദുർബലരല്ലെന്നും പുരുഷന്മാരോട് തോളോട് തോൾ ചേർന്ന് നിൽക്കാൻ കെൽപുള്ളവരാണെന്നും ബോധ്യപ്പെടുത്തുന്നതിന് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. ഹരിയാനയിൽ പുരുഷന്മാർ മാത്രമാണ് വീടിന് പുറത്തേക്ക് പോവുന്നത്. ഞങ്ങളുടെ കുടുംബത്തിലും അതുതന്നെയായിരുന്നു അവസ്ഥ.

ഭർതൃവീട്ടുകാർ തുടർന്ന് പഠിക്കാൻ അനുവദിച്ചിരുന്നു. എന്നാൽ, ജോലിക്കോ പുറത്തുപോകാനോ അനുവാദമുണ്ടായിരുന്നില്ല. ഭർത്താവിനെ ഞാൻ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. അ​ദ്ദേഹം എനിക്ക് അനുമതി തന്നു. മഹർഷി ദയാനന്ദ് സർവകലാശാലയിൽനിന്ന് ബി.എ ബിരുദം നേടിയ ശേഷമാണ് എന്റെ പോരാട്ടം ആരംഭിക്കുന്നത്. അഭിനയ മേഖലയിൽ പ്രവേശിച്ച എനിക്ക് ഒരാളും സഹായത്തിനുണ്ടായിരുന്നില്ല. എല്ലാം ഞാൻ സ്വയം ചെയ്യേണ്ടിയിരുന്നു. തുടർന്ന് ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ ഭർത്താവ് അതിനും എനിക്ക് പിന്തുണ നൽകി.


ഭർത്താവിനും മകൾക്കുമൊപ്പം സോനാലി ഫോഗട്ട് (ഫയൽ ചിത്രം)

അദ്ദേഹം മരിച്ചപ്പോഴാണ് ഒരു സ്ത്രീയോടുള്ള സമൂഹത്തിന്റെ യഥാർഥ കാഴ്ചപ്പാട് എന്താണെന്ന് ഞാൻ തിരിച്ചറിയുന്നത്. ഒരു സ്ത്രീ സു​ന്ദരിയും ഏകയുമാണെങ്കിൽ അവരെ ജീവിക്കാൻ അനുവദിക്കില്ലെന്നതാണ് നിലപാട്. അവൾ മാനസികമായി പീഡിപ്പിക്കപ്പെടും. മോശം കാര്യങ്ങൾ പറഞ്ഞുപരത്തും. നിങ്ങളെ വീട്ടിലിരുത്താനോ അവർക്ക് നിങ്ങളുടെ മേൽ മേധാവിത്വം സ്ഥാപിക്കാനോ ഉള്ള എല്ലാ വഴികളും ജനം നോക്കും. ഭർത്താവ് മരിച്ചശേഷം അത്തരം ഒരുപാട് പ്രതിസന്ധിഘട്ടങ്ങൾ എനിക്കുണ്ടായിരുന്നു. പക്ഷേ, അവയെന്നെ കരുത്തയാക്കുകയാണ് ചെയ്തത്' -രണ്ടു വർഷം മുമ്പ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സോനാലി പറഞ്ഞു.

2006ൽ ഹിസാർ ദൂരദർശനിൽ അവതാരകയായാണ് സോനാലി ആദ്യം കാമറക്കു മുന്നിലെത്തിയത്. അവതാരക വേഷം മാറി അഭിനയത്തിൽ കേന്ദ്രീകരിക്കാനുള്ള ആഗ്രഹം കലശലായതോടെ മുംബൈ ആയിരുന്നു ഇടയ്ക്ക് തട്ടകം. 2016ൽ 'ഏക് മാ ജോ ലാഖോം കേലിയേ ബനി അമ്മ' എന്ന ഷോയിലൂടെ അഭിനയം തുടങ്ങി. തുടർന്ന് ഒട്ടേറെ ഹരിയാൻവി, പഞ്ചാബി സിനിമകളിലും മ്യൂസിക് വിഡിയോയിലുമൊക്കെ അഭിനയിച്ചു. ജിമ്മി ഷേർഗിൽ, രവി കിഷൻ എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.


2008ൽ ബി.ജെ.പിയിൽ ചേർന്ന അവർ വൈകാതെ മഹിളാമോർച്ച ദേശീയ വൈസ് പ്രസിഡന്റായി നിയമിതയായി. ​2016ലാണ് ഭർത്താവ് സഞ്ജയ് ഫോഗട്ട് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കുടുംബത്തിന്റെ ഫാം ഹൗസിനരി​കെയുള്ള പാടത്ത് മൃതദേഹം കാണ​പ്പെടുകയായിരുന്നു.

തന്റെ സഹായികളും സ്റ്റാഫുമൊക്കെയായി രണ്ടു ദിവസം മുമ്പാണ് സോനാലി ഗോവയിലെത്തിയത്. തിങ്കളാഴ്ച അൻജുനയിലെ ഗ്രാൻഡ് ലിയോണി റിസോർട്ടിൽ ഒരു പരിപാടിയിൽ പ​ങ്കെടുക്കാനായാണ് എത്തിയത്. എന്നാൽ, രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. സോനാലി-സഞ്ജയ് ദമ്പതികൾക്ക് യശോധര ഫോഗട്ട് എന്നു പേരുള്ള ഒരുമകളാണുള്ളത്.


ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷ റാലിയിൽ സോനാലി ഫോഗട്ട്


വിവാദങ്ങൾക്കൊപ്പം....

രാഷ്ട്രീയക്കളരിയിൽ വിവാദങ്ങൾ സോനാലിക്കൊപ്പമുണ്ടായിരുന്നു എപ്പോഴും. 2019ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ വിവാദത്തിലകപ്പെട്ടിരുന്നു. ഇലക്ഷൻ റാലിക്കിടെ പ്രസംഗത്തിൽ എല്ലാവരോടും 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കാനാവശ്യപ്പെട്ട അവർ, അങ്ങനെ ചെയ്യാത്തവരൊക്കെ പാകിസ്താനിലേക്ക് പോകണമെന്നും പറഞ്ഞു. സംഭവം ഏറെ വിമർശനം ക്ഷണിച്ചുവരുത്തിയതോടെ മാപ്പുപറഞ്ഞ് തടിയൂരുകയായിരുന്നു.

2020 ജൂൺ അഞ്ചിന് ചെരുപ്പു കൊണ്ട് സോനാലി ഒരു ഓഫിസറെ അടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കർഷകരുടെ പരാതിയുമായി ഓഫിസറെ സമീപിച്ചതിനിടെയായിരുന്നു അദ്ദേഹത്തെ ആക്രമിച്ചത്. 

Tags:    
News Summary - Sonali Phogat's career, rise to fame, and run-ins with controversies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.