ദന്തേവാഡ: ആദിവാസി നേതാവ് സോണി സോറി ഛത്തിസ്ഗഢിലെ ദന്തേവാഡ ജില്ലയിൽ അറസ്റ്റിൽ. ബിജാപുർ, സുക്മ, ദന്തേവാഡ ജില്ലകളിൽനിന്നായി ആറായിരത്തോളം ആദിവാസികൾ പങ്കെടുക്കുന്ന നകുൽനർ ഗ്രാമത്തിലെ പരിപാടിയിൽ പങ്കെടുക്കുംമുമ്പാണ് സോറിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് വൈകീട്ട് അവരെ ജാമ്യത്തിൽ വിട്ടയച്ചു.
അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചെന്ന പേരിലാണ് സോറിയെ അറസ്റ്റ് ചെയ്തത്. എന്നാൽ, ദന്തേവാഡ കലക്ടർക്കും സബ് ഡിവിഷനൽ മജിസ്ട്രേറ്റിനും യോഗം സംബന്ധിച്ച അറിയിപ്പ് നൽകിയിരുന്നെങ്കിലും പൊലീസ് അനുമതി നിഷേധിക്കുകയും സോറിയെ ബലംപ്രയോഗിച്ച് ദന്തേവാഡ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
ബസ്തർ മേഖലയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് വർഷങ്ങളായി ജയിലിൽ കഴിയുന്ന ആദിവാസികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് യോഗം സംഘടിപ്പിച്ചിരുന്നത്. ബസ്തറിൽ ആദിവാസികൾക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ പുനഃപരിശോധിക്കാൻ കമ്മിറ്റിയെ നിയമിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ പറഞ്ഞിരുന്നു.
മുൻ ബി.ജെ.പി സർക്കാർ ആദിവാസികൾക്കെതിരെ കള്ളക്കേസെടുത്തതായും അദ്ദേഹം ആരോപിച്ചിരുന്നു. കോൺഗ്രസ് സർക്കാർ ഭരണമേറ്റ് 10 മാസം പിന്നിട്ടിട്ടും ആരെയും വിട്ടയച്ചില്ലെന്നു മാത്രമല്ല, പുതുതായി അറസ്റ്റുകൾ നടക്കുന്നതായും സോണി സോറി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.