ലഖ്നോ: യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, യു.പി മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ്, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയ നിരവധി പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണമുള്ളതായി റിപ്പോർട്ട്. ഇവരെ കൂടാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തുടങ്ങിയവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് നാലിന് ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ വെച്ചാണ് യോഗി ആദിത്യനാഥ് രണ്ടാം തവണയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഭാരതീയ ജനതാ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. കേന്ദ്രമന്ത്രിമാരെ കൂടാതെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഉപമുഖ്യമന്ത്രിമാർക്കും ചടങ്ങിന് ക്ഷണമുണ്ട്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഹരിയാന മുഖ്യമന്ത്രി എം.എൽ ഖട്ടാർ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് ആർ.താക്കൂർ, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി,ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
വിവിധ മതനേതാക്കൾ, വ്യവസായികൾ, കായികതാരങ്ങൾ, കലാകാരന്മാർ, പത്മശ്രീ, പത്മഭൂഷൺ പുരസ്‌കാര ജേതാക്കൾ തുടങ്ങിയവർക്കും ചടങ്ങിൽ പ്രത്യേക ക്ഷണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.