ഇനി രാഷ്ട്രീയത്തിൽ നിന്ന് മടക്കം -സോണിയ ഗാന്ധി

ന്യൂഡൽഹി: സജീവ രാഷട്രീയത്തിൽ നിന്ന് കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി വിരമിക്കുന്നതായി റിപ്പോർട്ട്. മകനും കോൺഗ്രസ് ഉപാധ്യക്ഷനുമയിരുന്ന രാഹുൽ ഗാന്ധിയുടെ കിരീടധാരണത്തിന്‍റെ തലേന്ന് പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോടാണ് സോണിയ ഇക്കാര്യം വെളിപ്പെടുത്തിയത്. രാഹുൽ പ്രസിഡന്‍റാകുന്നതോടെ എന്ത് റോളായിരിക്കും വഹിക്കുകയെന്ന ചോദ്യത്തിനാണ് 'റിട്ടയർ ചെയ്യുകയാണ് ഇനി എന്‍റെ ജോലി' എന്ന് അവർ മറുപടി പറഞ്ഞത്.

കോൺഗ്രസ് പ്രസിഡന്‍റായി രാഹുൽ ഗാന്ധി ഔദ്യോഗികമായ ചുമതലയേൽക്കുന്നതിന്‍റെ ഒരുക്കങ്ങളിലാണ് പാർട്ടി. നാളെയാണ് രാഹുൽ പദവി ഏറ്റെടുക്കുന്നത്. ഇതോടെ പ്രസിഡന്‍റായിരുന്ന സോണിയ രാഷ്ട്രീയ ഉപദേശകയുടേയോ മറ്റേതെങ്കിലും പ്രാധാന്യമുള്ള റോളുകളിലേക്കോ മാറുമെന്നായിരുന്നു അഭ്യൂഹം. സോണിയ എന്ത് റോൾ വഹിക്കുമെന്ന് പാർട്ടിയും ജനങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് താൻ വിരമിക്കുകയാണെന്ന് സോണിയ സൂചന നൽകിയിരിക്കുന്നത്. 

വർഷങ്ങളായി രാഹുൽഗാന്ധിയാണ് പാർട്ടിയുടെ പ്രധാനകാര്യങ്ങളിൽ തീരുമാനമെടുക്കാൻ സഹായിക്കുന്നതെന്നും സോണിയ വെളിപ്പെടുത്തി. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് കൂടിയായ സോണിയ ആ ചുമതല കൂടി രാഹുലിനെ ഏൽപ്പിക്കുമെന്നാണ് അഭ്യൂഹം. 

ഇതോടെ 2019ലെ ലോകസഭ തെരഞ്ഞെടുപ്പിൽ സോണിയ മത്സരിച്ചേക്കില്ലെന്നും സൂചനയുണ്ട്. നിലവിൽ റായ്ബറേലി മണ്ഡലത്തെയാണ് സോണിയ പ്രതിനിധീകരിക്കുന്നത്. ഭർതൃമാതാവായ ഇന്ദിരാ ഗാന്ധിയുടെ മണ്ഡലമായിരുന്നു റായ്ബറേലി. 50 വർഷത്തിനിടെ ഭൂരിഭാഗം തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് കുടുംബത്തോടൊപ്പം നിന്ന മണ്ഡലമാണ് റായ്ബറേലി. സോണിയ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട വാങ്ങിയാൽ പ്രിയങ്കയായിരിക്കും ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട് ഏഴ്  വർഷങ്ങൾക്ക് ശേഷമാണ് സോണിയ ഗാന്ധി കോൺഗ്രസിന്‍റെ അധ്യക്ഷയായി ചുമതലയേറ്റത്. കോൺഗ്രസ് പ്രസിഡന്‍റ് പദവിയിലെത്തുന്ന നെഹ്റു-ഗാന്ധി വംശത്തിലെ ആറാമനാണ് രാഹുൽ ഗാന്ധി.  

Tags:    
News Summary - Sonia Gandhi Says 'My Job is to Retire' As Rahul Set to Takeover Congress Reins-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.