മുംബൈ: എക്സിൽ തന്റെ പേര് ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായി ഗായകൻ സോനു നിഗം രംഗത്തെത്തിയതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി എക്സ് യൂസർ. കഴിഞ്ഞ ദിവസം എക്സിൽ സോനു നിഗം എന്ന് പേരുള്ള അക്കൗണ്ടിൽ നിന്നും ഒരു പോസ്റ്റ് പുറത്ത് വന്നിരുന്നു. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ ബി.ജെ.പി തോൽവിയെ കുറിച്ചായിരുന്നു പോസ്റ്റ്. തുടർന്ന് ഗായകൻ സോനു നിഗത്തിനെതിരെ വിമർശനങ്ങൾ ശക്തമായിരുന്നു.
ഇതിന് പിന്നാലെ തനിക്ക് എക്സിൽ അക്കൗണ്ടില്ലെന്നും ആരോ തന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും വ്യക്തമാക്കി സോനു നിഗം രംഗത്തെത്തി. താൻ രാഷ്ട്രീയപോസ്റ്റുകൾ പങ്കുവെക്കാറില്ല. തന്റെ പേര് ദുരുപയോഗം ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സോനു നിഗത്തിന്റെ വിശദീകരണം പുറത്ത് വന്നതിന് പിന്നാലെ ഗായകന് മറുപടിയുമായി എക്സ് യൂസർ രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ പോസ്റ്റിൽ ഗായകൻ സോനുനിഗം ആശങ്ക പ്രകടിപ്പിക്കുകയും നിയമനപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തതായി അറിഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുകയാണ്. തന്റെ മാതാപിതാക്കൾ തനിക്ക് നൽകിയ പേരാണ് സോനു നിഗം എന്നത്. ഇതിന്റെ രേഖകൾ കൈവശമുണ്ട്. ഗായകനെ അപമാനിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമുണ്ടായിരുന്നില്ലെന്ന് വിശദീകരണ കുറിപ്പിൽ സോനു നിഗമെന്ന പേരിലുള്ള എക്സ് യൂസർ വ്യക്തമാക്കി.
തന്റെ എക്സ് അക്കൗണ്ട് പ്രൊഫൈലിൽ ബിഹാറിൽ നിന്നുള്ള ക്രിമിനൽ അഭിഭാഷകനാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്ന് തന്നെ ഇത് ഗായകൻ സോനു നിഗത്തിന്റെ അക്കൗണ്ടല്ലെന്ന് മനസിലാക്കാമെന്നും എക്സ് യൂസർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.