ചെന്നൈ: ദക്ഷിണറെയിൽവേയുടെ ചെന്നൈയിലെ ആസ്ഥാനവും ഡിവിഷനൽ റെയിൽവേ മാനേജർ ഓഫിസും അടച്ചു. ജീവനക്കാർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.
റെയിൽവേ ആസ്ഥാനത്തെ ഒരു ഓഫിസർക്കും ഓഫിസ് സൂപ്രണ്ടിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഡിവിഷനൽ റെയിൽവേ മാനേജർ ഓഫിസിലെ ഒരു ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു.
ജീവനക്കാരുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കി. ആരുടെയും പരിശോധന ഫലം വന്നിട്ടില്ല. കോവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഓഫിസ് അണുവിമുക്തമാക്കിയശേഷം രണ്ടുദിവസത്തിനുള്ളിൽ തുറന്നുപ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശ പ്രകാരം 33 ശതമാനം ജീവനക്കാർ മാത്രമായിരുന്നു ലോക്ഡൗണിെൻറ ആദ്യഘട്ടം മുതൽ ജോലിയിലുണ്ടായിരുന്നത്. കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് 50 ശതമാനം ജീവനക്കാർ ഓഫിസിൽ എത്തിതുടങ്ങിയതെന്നും അധികൃതർ പറയുന്നു.
ഓഫിസ് രണ്ടു ദിവസത്തേക്ക് അടച്ചെങ്കിലും ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും ടെലിഫോൺ, ഇൻറർനെറ്റ് വഴി ബന്ധപ്പെടണമെന്നും ദക്ഷിണറെയിൽവേ ഡെപ്യൂട്ടി ചീഫ് ഓഫിസർ സിദ്ധാർഥ് എസ്.കെ. രാജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.