ന്യൂഡൽഹി: സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ വിഭവങ്ങളും ഏറ്റെടുക്കാൻ സർക്കാറുകൾക്ക് അധികാരമില്ലെന്ന് സുപ്രധാന വിധിന്യായത്തിൽ സുപ്രീംകോടതി. സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ ഭൗതിക വിഭവങ്ങളും സർക്കാറിന് ഏറ്റെടുക്കാമെന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ നേരത്തെയുള്ള വിധിയെ മാറ്റിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള 9 അംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധി. സോഷ്യലിസ്റ്റ് നയം സ്വീകരിച്ചു കൈകൊണ്ട ഇതു സംബന്ധിച്ചുള്ള 1978ന് ശേഷമുള്ള വിധികൾ റദ്ദാക്കി. 1978ലെ വിധി സാധാരണക്കാര്‍ക്കും നിക്ഷേപകര്‍ക്കും പ്രതിസന്ധിയുണ്ടാക്കുമെന്നും ബെഞ്ച് പറഞ്ഞു.
ഭരണഘടനയുടെ ആർട്ടിക്കിൾ 39 (ബി) പ്രകാരം സ്വകാര്യ സ്വത്തുക്കൾ ‘സമൂഹത്തിന്റെ ഭൗതിക വിഭവങ്ങൾ’ ആയി കണക്കാക്കാമോ എന്ന വിഷയത്തിൽ മൂന്ന് അഭിപ്രായങ്ങൾ ആണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൽ നിന്നുണ്ടായത്. ചീഫ് ജസ്റ്റിസിനു പുറമെ, ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ബി.വി നാഗരത്‌ന, ജെ.ബി പർദിവാല, സുധാൻഷു ധൂലിയ, മനോജ് മിശ്ര, രാജേഷ് ബിന്ദാൽ, സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതായിരുന്നു ഭൂരിപക്ഷ വിധി.
ജസ്റ്റിസ് ബി.വി നാഗരത്‌ന ഭാഗികമായി യോജിച്ചപ്പോൾ ജസ്റ്റിസ് സുധാംശു ധൂലിയ വിയോജിച്ചു. മുൻകാലങ്ങളിൽ നിന്നുള്ള ജഡ്ജിമാർ മുൻകാലഘട്ടത്തിൽ സ്വീകരിച്ച കാഴ്ചപ്പാടുകളെ അപലപിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. വ്യക്തികളേക്കാൾ വലുതാണ് സ്ഥാപനം ഒരു ജഡ്ജിയും ഭരണഘടനയെ അപമാനിക്കുന്നുവെന്ന് പറയാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
1992ൽ മുംബൈ ആസ്ഥാനമായുള്ള പ്രോപ്പർട്ടി ഓണേഴ്‌സ് അസോസിയേഷൻ സമർപിച്ച പ്രധാന ഹരജിക്കൊപ്പം ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട 16 ഹരജികൾ സുപ്രീംകോടതി പരിഗണിച്ചു. നേരത്തെ പ്രസ്തുത വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനോടും സംസ്ഥാന സര്‍ക്കാരുകളോടും വിശദീകരണം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.