ന്യൂഡൽഹി: ഹിന്ദുത്വം വഞ്ചനയാണെന്ന പരാമർശത്തിന് പിന്നാലെ സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. ഹിന്ദുത്വത്തെ അവഹേളിക്കുന്ന വ്യക്തിക്ക് ഇന്ത്യക്കാരനായിരിക്കാൻ സാധ്യമല്ലെന്നും മൗര്യ സോണിയ ഗാന്ധിയുടെയും അഖിലേഷ് യാദവിന്റേയും കളിപ്പാവയാണെന്നും ബി.ജെ.പി എം.പി സുബ്രത് പഥക് പറഞ്ഞു.
"യു.പിയിൽ എസ്.പി നേതാവ് സ്വാമി പ്രസാദ് മൗര്യ ഹിന്ദുക്കളെ അപമാനിച്ച് പരാമർശം നടത്തിയിരുന്നു. എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും സോണിയാ ഗാന്ധിയുടെയും കൈകളിലെ കളിപ്പാവ മാത്രണ് മൗര്യ. വിഷയത്തിൽ മൗര്യക്കെതിരെ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർത്ഥിക്കുകയാണ്. മൗര്യക്കെതിരെ അഖിലേഷ് യാദവ് ശക്തമായ നടപടി സ്വീകരിക്കണം,” സുബ്രത് പഥക് പറഞ്ഞു.
മൗര്യയുടെ പരാമർശത്തിന് പിന്നാലെ വിമർശനവുമായി കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ നാരായൺ റാണെയും രംഗത്തെത്തിയിരുന്നു. ഹിന്ദുമതത്തെ അവഹേളിക്കുന്ന ഒരാൾക്ക് ഇന്ത്യക്കാരനായിരിക്കാൻ സാധിക്കുകയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മതത്തെ അവഹോളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദു എന്ന പേരിൽ മതമില്ലെന്നും ഹിന്ദുമതമെന്നത് വഞ്ചനയാണെന്നുമുള്ള മൗര്യയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ബ്രാഹ്മണ മതത്തിന്റെ വേരുകൾ വളരെ ആഴമുള്ളതാണ്, എല്ലാ അസമത്വത്തിനും കാരണം ബ്രാഹ്മണമതമാണ്. ഹിന്ദു എന്നൊരു മതമില്ല, ഹിന്ദുമതം ഒരു വഞ്ചന മാത്രമാണ്. ബ്രാഹ്മണ മതത്തെ ഹിന്ദു മതമെന്ന് വിശേഷിപ്പിച്ച് ഈ രാജ്യത്തെ ദലിതരെയും ആദിവാസികളെയും പിന്നോക്കക്കാരെയും ചതിയിൽ കുടുക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നുമായിരുന്നു മൗര്യയുടെ പരാമർശം.
1955ൽ ഹിന്ദു ഒരു മതമല്ല ജീവിതരീതിയാണെന്ന് സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. 200ലധികം മതങ്ങളുടെ കൂട്ടായ്മയാണ് ഹിന്ദു മതമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഹിന്ദു ഒരു മതമല്ലെന്നും ഒരു ജീവിതരീതിയാണെന്നും മോഹൻ ഭഗവത് പോലും രണ്ടു തവണ പറഞ്ഞിരുന്നു. ഹിന്ദു ഒരു മതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിട്ടുണ്ട്. ഒരു മാധ്യമ സമ്മേളനത്തിൽ ഗഡ്കരി പോലും ഇതേ കാര്യം പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.