ത്യാഗി രാജ്യത്തിന് നാണക്കേടുണ്ടാക്കി –സി.ബി.ഐ

ന്യൂഡല്‍ഹി: അഗസ്റ്റവെസ്റ്റ്ലന്‍ഡ് ഹെലികോപ്ടര്‍ കോഴ ഇടപാടിലെ പ്രതിയായ മുന്‍ വ്യോമസേന മേധാവി എസ്.പി. ത്യാഗി രാജ്യത്തിന് നാണക്കേടുണ്ടാകുന്ന ഗുരുതര കുറ്റമാണ് ചെയ്തതെന്ന് സി.ബി.ഐ. ത്യാഗിക്ക് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച അപ്പീലിന്‍െറ വാദത്തിനിടെയാണ് സി.ബി.ഐക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മത്തേ ഇക്കാര്യം പറഞ്ഞത്.

നിയമവിരുദ്ധമായ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് ത്യാഗിക്ക് വിചാരണക്കോടതി ജാമ്യം നല്‍കിയതെന്നും തെളിവുകള്‍ക്കു വിരുദ്ധമാണ് നടപടിയെന്നും തുഷാര്‍ മത്തേ കോടതിയില്‍ വാദിച്ചു. മറ്റു പ്രതികളായ സഞ്ജീവ് ത്യാഗി, അഭിഭാഷകനായ ഗൗതം ഖെയ്ത്താന്‍ എന്നിവര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെയും സി.ബി.ഐ അപ്പീല്‍ നല്‍കി. ത്യാഗിക്കെതിരെ തെളിവില്ളെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ പറഞ്ഞു. കേസ് ഈ മാസം 18ന് പരിഗണിക്കും.

വ്യക്തിപരമായ അസൗകര്യമുള്ളതിനാല്‍ കേസ് ഈ മാസം 26നുശേഷം പരിഗണിക്കണമെന്ന ത്യാഗിയുടെ അഭിഭാഷകന്‍െറ അപേക്ഷ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ശക്തമായി എതിര്‍ത്തു. ഗുരുതരമായ കേസാണിതെന്നും പ്രതികള്‍ നടപടികള്‍ വൈകിപ്പിക്കുമെന്നും അദ്ദേഹം ബോധിപ്പിച്ചു. ഒന്നിലധികം രാജ്യങ്ങളില്‍ അന്വേഷണം നടന്ന കേസില്‍ നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ത്യാഗി പുറത്തിരിക്കാനാണ് കേസിലെ മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതെന്ന് മത്തേ പറഞ്ഞു.

Tags:    
News Summary - sp tyagi helicopter scam cbi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.