ന്യൂഡൽഹി: ഫേസ്ബുക്കിെൻറ ബി.ജെ.പി പ്രീണന നടപടികളെ ചൊല്ലി കോൺഗ്രസ്-ബി.ജെ.പി പോര് മുറുകുന്നു. ബി.ജെ.പി എം.പി നിഷികാന്ത് ദുബെക്കെതിരെ കോൺഗ്രസ് എം.പി ശശി തരൂരും ശശിതരൂരിനും രാഹുൽ ഗാന്ധിക്കുമെതിരെ നിഷികാന്ത് ദുബെയും അവകാശ ലംഘന നോട്ടീസ് നൽകി.
ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ഫേസ്ബുക്ക് നടപടിയെടുക്കുന്നില്ലെന്ന വാൾസ്ട്രീറ്റ് ജേണൽ വാർത്തയാണ് സംഭവങ്ങളുടെ തുടക്കം. ഐ.ടി കാര്യ പാർലമെൻറ് സമിതി അധ്യക്ഷനായ ശശി തരൂർ ഫേസ്ബുക്കിെൻറ തെറ്റായ നടപടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത് സമിതി അംഗങ്ങളെ വിശ്വാസത്തിലെടുക്കാതെയാണെന്ന് നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു.
പാനലിലെ അംഗങ്ങളുമായി ചർച്ച ചെയ്യാതെ എന്തെങ്കിലും ചെയ്യാൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് യാതൊരു അധികാരവുമില്ലെന്നായിരുന്നു ദുബെ ട്വിറ്ററിൽ പ്രതികരിച്ചത്. എന്നാൽ ദുബെയുടെ നിലപാടിൽ ശക്തമായി എതിർപ്പ് അറിയിച്ച് തരൂർ ലോക്സഭാ സ്പീക്കർ ഓം ബിർലക്ക് കത്തയച്ചു. നിഷികാന്ത് ദുബെയുടെ നടപടി പാർലമെൻറ് സമിതിയുടെ അധികാരപരിധിയിലുള്ള ഇടപെടലാണെന്ന് കാണിച്ചാണ് ശശി തരൂർ അവകാശ ലംഘന നോട്ടീസ് നൽകിയത്.
ഫേസ്ബുക് ഇന്ത്യയിൽ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചാരണം തടയുന്നില്ലെന്ന ആക്ഷേപത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സ്ഥാപകൻ മാർക് സുക്കർബര്‍ഗിന് കോൺഗ്രസ് പാർട്ടി കത്തയച്ചിരുന്നു. ശശി തരൂർ അധ്യക്ഷനായ ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതിയും റിപ്പോർട്ടിന്മേൽ ഫേസ്ബുക്കിനോട് വിശദീകരണം തേടി.
ഫേസ്ബുക്കിെൻറ നിലപാട് പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് അറിയണമെന്ന് തരൂര്‍ ഞായറാഴ്ച വ്യക്തമാക്കിയതിനു പിന്നാലെയാണു ദുബെയുടെ വിമർശനങ്ങൾ വന്നത്. ലോക്സഭാംഗം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ തെൻറ പ്രത്യേക അധികാരങ്ങള്‍ക്കു മേലുള്ള ഇടപെടലാണ് ദുബെയുടെ വാക്കുകളെന്നു തരൂർ അറിയിച്ചു.
എന്നാൽ, ശശി തരൂരിെൻറ നടപടികൾ മാന്യതക്ക് യോജിക്കുന്നതല്ലെന്നും രാഹുൽ ഗാന്ധി വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും കാണിച്ച് നിഷികാന്ത് ദുബെ നോട്ടീസ് നൽകുകയായിരുന്നു.
വിവാദത്തിൽ ശശി തരൂരിനെ പിന്തുണച്ച് തൃണമൂൽ എം.പിയും ഐ.ടി പാർലമെൻറ് സമിതി അംഗവുമായ മഹുവാ മൊയ്ത്ര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിെൻറ ബി.ജെ.പി പ്രീണന നടപടി നേരത്തെ ഉള്ളതാണെന്നും 2018 ൽ ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ ചോദ്യങ്ങളുന്നയിച്ചിട്ടും നടപടി ഉണ്ടായിെല്ലന്ന് ഒരു മുൻ ജീവനക്കാരൻ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം അവർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.