മുംബൈ: കുറ്റാരോപിതർക്കെതിരെ ആകർഷകമായ കഥ മാത്രം പോര അത് തെളിയിക്കാനുതകുന്ന വ്യക്തമായ തെളിവും വേണമെന്ന് എൻ.ഐ.എ കോടതി. മലയാളികളെ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐ.എസ്) ചേരാൻ പ്രേരിപ്പിച്ചെന്ന കേസിൽ ഡോ. സാകിർ നായിക്കിന്റെ ഇസ്ലാമിക് റിസർച് ഫൗണ്ടേഷൻ (ഐ.ആർ.എഫ്) ജീവനക്കാരനെ കുറ്റമുക്തനാക്കിയ വിധിയിലാണ് എൻ.ഐ.എ കോടതി ജഡ്ജി എ.എം. പാട്ടീലിന്റെ പരാമർശം.
വെള്ളിയാഴ്ചയാണ് ഐ.ആർ.എഫിൽ ഗെസ്റ്റ് റിലേഷൻ മാനേജറായിരുന്ന അർഷി ഖുറേഷിയെ കോടതി കുറ്റമുക്തനാക്കിയത്. വിധിപ്പകർപ്പ് ശനിയാഴ്ചയാണ് ലഭ്യമായത്.
ആരോപണങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിധിയിൽ പറഞ്ഞു. ഐ.എസിൽ ചേർന്നെന്ന് അഷ്ഫാഖ് കേസിൽ സാക്ഷികൂടിയായ സഹോദരനെ ഫോണിൽ അറിയിച്ചെന്ന പ്രോസിക്യൂഷൻ വാദവും രണ്ട് സാക്ഷികളെ അർഷി ഖുറേഷി ഇസ്ലാമിലേക്ക് മതം മാറ്റിയെന്ന വാദവും വിശ്വാസയോഗ്യമല്ലെന്ന് കോടതി പറഞ്ഞു. മകൻ അഷ്ഫാഖ് മജീദിനെയും കുടുംബത്തെയും കാണാതായതുമായി ബന്ധപ്പെട്ട് പടന്ന സ്വദേശി അബ്ദുൽ മജീദ് നൽകിയ പരാതിയിലാണ് കേസ്. പ്രോസിക്യൂഷൻ വാദത്തെ അബ്ദുൽ മജീദ് തന്നെ കോടതിയിൽ തള്ളിപ്പറഞ്ഞു. നാഗ്പാഡ പൊലീസുണ്ടാക്കിയ പരാതിയിൽ തന്നെക്കൊണ്ട് ഒപ്പിടുവിച്ചതാണെന്നാണ് വെളിപ്പെടുത്തൽ.
ഐ.ആർ.എഫിലുള്ളവർ കേരളത്തിലുള്ള സമാന ചിന്താഗതിക്കാരുമായി ചേർന്ന് അഷ്ഫാഖ് അടക്കം 21 പേരെ ഐ.എസിൽ ചേരാൻ പ്രേരിപ്പിച്ചെന്നും പൂർണ മുസ്ലിമായി ജീവിക്കാൻ ശരീഅത്ത് നിയമമുള്ള രാജ്യത്ത് പോകാൻ പ്രചരിപ്പിച്ചതായുമാണ് എൻ.ഐ.എ ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.