ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ ഒന്നിച്ചുനിൽക്കാൻ തീരുമാനിച്ച് മുംബൈയിൽനിന്ന് പിരിഞ്ഞതിനു പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച ഇൻഡ്യ സഖ്യത്തിന്റെ എം.പിമാരുടെ യോഗം വിളിച്ചു. ഇതിനുശേഷം കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ചൊവ്വാഴ്ചതന്നെ കോൺഗ്രസ് എം.പിമാരുടെ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട സമീപനം ചർച്ചചെയ്യാൻ ചൊവ്വാഴ്ച തന്റെ ഔദ്യോഗിക വസതിയിലേക്കാണ് ഖാർഗെ എം.പിമാരെ വിളിച്ചത്. കൂടിയാലോചിക്കാതെ സമ്മേളനം വിളിച്ചതിനെ ഇൻഡ്യ പ്രതിപക്ഷ പാർട്ടികൾ സർക്കാറിനെ വിമർശിച്ചിരുന്നു. അജണ്ട വ്യക്തമാക്കാതെ സെപ്റ്റംബർ 18 മുതൽ 22 വരെയാണ് കേന്ദ്ര സർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്. അതിനുശേഷമാണ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ അജണ്ടക്കായി കേന്ദ്ര സർക്കാർ നിയോഗിച്ചത്. ആ സമിതിയിലെ ഏക പ്രതിപക്ഷ അംഗമായിരുന്ന അധിർ രഞ്ജൻ ചൗധരി വിജഞാപനമിറങ്ങിയ ഉടൻ പിന്മാറുകയും ചെയ്തിരുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി പാർട്ടിയുടെ പാർലമെന്ററി തന്ത്രങ്ങൾക്ക് രൂപം നൽകാനാണ് അടിയന്തര യോഗം വിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.