ന്യൂഡൽഹി: ദാമ്പത്യ ജീവിതത്തിലെ ബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഭിന്നവിധിയുമായി ഡൽഹി ഹൈകോടതി. ജസ്റ്റിസ് രാജീവ് ശക്ധർ, ജസ്റ്റിസ് ഹരിശങ്കർ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് നീണ്ടവാദങ്ങൾ കേട്ട ശേഷം ഹരജിയിൽ ഭിന്നവിധി പുറപ്പെടുവിച്ചത്. ഹരജി സുപ്രീംകോടതിയുടെ പരിഗണനക്ക് വിട്ടു.
ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് ലഭിക്കുന്ന നിയമ പരിരക്ഷ ഭരണഘടന ലംഘനമാണെന്നും അത് റദ്ദാക്കുന്നുവെന്നും ജസ്റ്റിസ് രാജീവ് ശക്ധർ വിധിന്യായത്തിൽ വ്യക്തമാക്കി. ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ച ജസ്റ്റിസ് ഹരിശങ്കൾ കേസിൽ ഭർത്താവിന് ഇളവ് നൽകുന്ന നിയമ പരിരക്ഷ ആർട്ടിക്ക്ൾ 14, 19, 21എന്നിവ ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കി. തുടർന്ന്, വിഷയത്തിൽ കൂടുതൽ നിയമപ്രശ്നങ്ങൾ ഉൾപ്പെട്ടതിനാൽ കേസ് സുപ്രീംകോടതിയ്ക്ക് വിടാൻ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
ആർ.ഐ.ടി ഫൗണ്ടേഷൻ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ എന്നിവരാണ് ദാമ്പത്യ ജീവിതത്തിലെ ബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഹരജിയിൽ നിലപാട് അറിയിക്കാൻ കോടതി കഴിഞ്ഞ ഫെബ്രുവരി ഏഴിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാറുകളും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തണമെന്നും അതിന് കൂടുതൽ സമയം വേണമെന്നുമായിരുന്നു കേന്ദ്രം അറിയിച്ചത്. ഇത് നിരസിച്ച കോടതി ബന്ധപ്പെട്ടവുടെ വാദം കേട്ട ശേഷം ഹരജിയിൽ വിധിപറയാൻ മാറ്റുകയായിരുന്നു. ദാമ്പത്യ ജീവിതത്തിലെ ലൈംഗികാതിക്രമം ഗാർഹിക അതിക്രമത്തിനെതിരായ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം കുറ്റകരമാണെങ്കിലും ഇന്ത്യൻ ശിക്ഷ നിയമം 375 പ്രകാരം ബലാത്സംഗത്തിനുള്ള നിർവചനത്തിൽ ദാമ്പത്യത്തിലെ ബലാത്സംഗം ഉൾപ്പടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.