ന്യൂഡൽഹി: പ്രമുഖ മനുഷ്യാവകാശപ്രവർത്തകനും ഡൽഹി സർവകലാശാല മുൻ പ്രഫസറുമായ എസ ്.എ.ആർ. ഗീലാനിയുടെ മൃതേദഹം വെള്ളിയാഴ്ച കശ്മീരിലെ ബാരാമുല്ലയിൽ ഖബറടക്കി. വ്യാഴാഴ്ച ഡൽഹിയി ലെ ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചയുടൻ ഗീലാനിയുടെ മൃതദേഹം കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് കുടുംബത്തിെൻറയും ഡോക്ടറുടെയും അഭിപ്രായത്തിനു വിരുദ്ധമായി പോസ്റ്റ്മോർട്ടം നടത്തിയാണ് വിട്ടുകൊടുത്തത്. തുടർന്ന് ബാരാമുല്ലയിലേക്ക് വ്യോമമാർഗം കൊണ്ടുപോയി.
ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽനിന്ന് രാവിലെ 11 മണിക്ക് പോസ്റ്റ്മോർട്ടം കഴിഞ്ഞ് എംബാം െചയ്ത മൃതേദഹം സഹോദരനും മാധ്യമ പ്രവർത്തകനുമായ ബിസ്മില്ല ഗീലാനി, മക്കളായ ആതിഫ് ഗീലാനി, അഡ്വ. നുസ്റത്ത് ഗീലാനി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഡൽഹി സർവകലാശാലക്കു കീഴിലെ സാക്കിർ ഹുസൈൻ കോളജിൽ പ്രഫസറായിരുന്ന ഗീലാനി വ്യാഴാഴ്ച വൈകീട്ടാണ് ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപ്രതിയിൽ മരിച്ചത്. അവിടെനിന്ന് മൃതദേഹം കശ്മീരിലേക്കു കൊണ്ടുപോകാൻ ഒരുങ്ങുന്നതിനിടയിൽ രാത്രി ഒമ്പതു മണിയോടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്വാഭാവിക മരണമാണെന്ന് ഡോക്ടറുടെ രേഖാമൂലമുള്ള കുറിപ്പ് ഉണ്ടായിട്ടും കുടുംബാംഗങ്ങളുടെ എതിർപ്പും പ്രതിഷേധവും വകവെക്കാതെ പോസ്റ്റ്മോർട്ടം വേണമെന്ന് ശഠിച്ച പൊലീസ് രാത്രി 12 മണിക്ക് ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലേക്കു കൊണ്ടുപോയി. ഗീലാനിയുടെ സഹപ്രവർത്തകരും മൃതേദഹം ഏറ്റുവാങ്ങാനെത്തിയിരുന്നു. രാത്രി പത്തു മണിയോടെ ബാരാമുല്ലയിലെ പഴയ ഈദ്ഗാഹ് മൈതാനിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ഇളയ സഹോദരൻ മുഫ്തി അബ്ദുറഹീം നേതൃത്വം നൽകി. 3000ത്തിലേറെ ആളുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.