അലഹബാദ്: ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചതായി കേന്ദ്ര സർക്കാർ. പാൻ മസാല കമ്പനികൾക്ക് വേണ്ടി പരസ്യത്തിൽ അഭിനയിച്ച വിഷയത്തിലാണ് നോട്ടീസ് അയച്ചത്. കോടതിയലക്ഷ്യ ഹർജിയിൽ വിശദീകരണം നൽകവേയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അലഹബാദ് ഹൈക്കോടതിയിൽ അറിയിച്ചത്.
ഉന്നത പുരസ്‌കാരങ്ങൾ ലഭിച്ചിട്ടും പാൻ മസാല കമ്പനികൾക്ക് പരസ്യം നൽകുന്ന നടന്മാർക്കും പ്രമുഖർക്കും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പ്പര്യ ഹർജിക്കിടയിലാണ് കേന്ദ്രം നോട്ടിസ് അയച്ചകാര്യം വെളിപ്പെടുത്തിയത്. ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ ഹർജി തള്ളണമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകൻ വെള്ളിയാഴ്ച ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ അറിയിച്ചു. കേസിൽ വാദം കേൾക്കുന്നത് ഹൈക്കോടതി 2024 മെയ് 9ലേക്ക് മാറ്റിയിട്ടുണ്ട്.
ഒക്‌ടോബർ 22ന് സർക്കാരിന് നിവേദനം നൽകിയെങ്കിലും വിഷയത്തിൽ നടപടിയുണ്ടായില്ലെന്ന് ഹർജിക്കാരൻ വാദിച്ചു. തുടർന്ന് കോടതിയലക്ഷ്യ ഹർജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവർക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടിസ് അയച്ചതായി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് ബി പാണ്ഡെ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, അമിതാഭ് ബച്ചൻ ഗുഡ്ക കമ്പനിയുമായുള്ള കരാർ റദ്ദാക്കിയിട്ടും പരസ്യം കാണിച്ച കമ്പനിക്ക് വക്കീൽ നോട്ടിസ് അയച്ചതായും കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.