മുംബൈ: വൈദികനും മനുഷ്യവകാശ പ്രവർത്തകനുമായിരുന്ന ഫാ. സ്റ്റാൻ സ്വാമി അന്തരിച്ചു. 84 വയസ്സായിരുന്നു. ഭീമ കൊറേഗാവ് കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്റ്റാൻ സ്വാമിക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് രാജ്യദ്രോഹ കുറ്റം ചുമത്തി എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
2018 ജനുവരി ഒന്നിന് നടന്ന ഭീമ കൊറേഗാവ് കലാപ കേസിൽ ഗൂഢാലോചന ആരോപിച്ചായിരുന്നു അറസ്റ്റ്. നാഡിവ്യൂഹത്തെ ബാധിക്കുന്ന പാർക്കിൻസൺ രോഗബാധിതനായ അദ്ദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലിൽ വെച്ച് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതോടെ നില വഷളായി. ചികിത്സക്കായി ജാമ്യം ലഭിച്ച അദ്ദേഹം മുംബൈ ഹോളി ഫെയ്ത്ത് ഹോസ്പിറ്റലിൽ വെച്ചാണ് മരിച്ചത്.
അഞ്ചു പതിറ്റാണ്ട് ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ച ആളാണ് സ്റ്റാൻ സ്വാമി. ജസ്യുട് സഭയിൽ പെട്ട അദ്ദേഹം മറ്റ് മന്യഷ്യാവകാശ പ്രശ്നങ്ങളിലും ഇടപെട്ടിരുന്നു. ഭീമ കൊറേഗാവ് സംഭവത്തിന് തലേ ദിവസം നടന്ന ഏകത പരിഷത്തിന്‍റെ യോഗത്തിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും അതിൽ സ്റ്റാൻ സ്വാമിക്ക് പങ്കുണ്ടെന്നുമായിരുന്നു എൻ.ഐ.എയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.