ഗുവാഹതി: സഹപാഠിയെ ബലാത്സംഗം ചെയ്ത കേസിൽ ഗുവാഹതി ഐ.ഐ.ടിയിലെ വിദ്യാർഥിയായ 21കാരന് ജാമ്യം അനുവദിച്ച് ഗുവാഹതി ഹൈകോടതി. പ്രതിയും ഇരയായ പെൺകുട്ടിയും പ്രതിഭാധനരായ വിദ്യാർഥികളാണെന്നും രാജ്യത്തിന്‍റെ ഭാവി വാഗ്ദാനങ്ങളാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് അജിത് ബോർതാക്കൂറാണ് പ്രതിയായ ഉത്സവ് കാദം എന്ന വിദ്യാർഥിക്ക് ജാമ്യം അനുവദിച്ച് ആഗസ്റ്റ് 13ന് ഉത്തരവിട്ടത്. എന്നാൽ, പ്രതിക്കെതിരായ കുറ്റാരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
കേസിൽ അന്വേഷണം പൂർത്തിയായെന്നതും, പ്രതിയും പരാതിക്കാരിയും പ്രതിഭാധനരും യുവാക്കളും രാജ്യത്തിന്‍റെ ഭാവി വാഗ്ദാനങ്ങളും ആണെന്നതും, പ്രതിക്കെതിരെ കുറ്റം ചുമത്തപ്പെട്ടുകഴിഞ്ഞുവെന്നതും പരിഗണിച്ച് പ്രതി ഇനിയും കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയും ഇരയായ പെൺകുട്ടിയും രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായതിനാൽ തെളിവ് നശിപ്പിക്കാനോ സ്വാധീനിക്കാനോ ഉള്ള സാധ്യതയില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു. തുടർന്ന് 30,000 രൂപയുടെയും രണ്ടുപേരുടെ ആൾജാമ്യത്തിലും പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
മാർച്ച് 28ന് രാത്രിയായിരുന്നു ഐ.ഐ.ടി കാമ്പസിനകത്തുവെച്ച് പെൺകുട്ടിയെ പ്രതി ബലാത്സംഗത്തിനിരയാക്കിയത്. ഏതാനും കാര്യങ്ങൾ ചർച്ചചെയ്യാനുണ്ടെന്ന് കാണിച്ച് പെൺകുട്ടിയെ പ്രതി ഒപ്പം കൂട്ടുകയായിരുന്നു. നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
പിറ്റേന്ന് പുലർച്ചെയാണ് പെൺകുട്ടിക്ക് ബോധം തിരിച്ചുകിട്ടിയത്. തുടർന്ന് മെഡിക്കൽ പരിശോധന നടത്തി. ഏപ്രിൽ മൂന്ന് വരെ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.