ന്യൂഡൽഹി: നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ എം.ഡി ചിത്ര രാമകൃഷ്ണയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഡൽഹി കോടതി അനുമതി നൽകി. സി.ബി.ഐയുടെയും പ്രതികളുടെ അഭിഭാഷകന്റെയും വാദം കേട്ട ശേഷമാണ് പ്രത്യേക ജഡ്ജി സഞ്ജീവ് അഗർവാൾ ഏഴുദിവസത്തെ കസ്റ്റഡി അനുവദിച്ച് ഉത്തരവിട്ടത്. 14 ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടത്.
മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് ഞായറാഴ്ചയാണ് സി.ബി.ഐ പ്രത്യേക അന്വേഷണസംഘം ചിത്രയെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തത്. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് കോലൊക്കേഷൻ അഴിമതി കേസിലാണ് അറസ്റ്റ്. 2013 മുതൽ 2016വരെ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് എം.ഡി ആയിരുന്നു ചിത്ര. ഈ കാലയളവിൽ പല തിരിമറികളും നടന്നെന്നാണ് സി.ബി.ഐ കണ്ടെത്തൽ.
ഹിമാലയത്തിലെ അജ്ഞാത സന്യാസിയുടെ ഉപദേശമനുസരിച്ചാണ് ചിത്ര രാമകൃഷ്ണ ഓഹരി വിപണിയെ നയിച്ചിരുന്നതെന്ന് പ്രത്യേക ഉത്തരവിലൂടെ സെബി വ്യക്തമാക്കിയിരുന്നു. എൻ.എസ്.ഇയുടെ അതി രഹസ്യ രേഖകൾ അജ്ഞാത സന്യാസിക്ക് ചോർത്തി നൽകിയതും സ്ഥാപനത്തിന്റെ ലാഭവിഹിതം, ബിസിനസ് തന്ത്രങ്ങൾ തുടങ്ങിയവ സന്യാസിയുമായി പങ്കുവെച്ചതും സെബി പുറത്തുവിട്ടു. ഇതേതുടർന്ന് ചിത്ര രാമകൃഷ്ണക്ക് സെബി മൂന്നു കോടി രൂപ പിഴ ചുമത്തിയിരുന്നു.
അതേസമയം, അജ്ഞാത യോഗി ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 'ശരീരമില്ലാത്ത ആത്മീയ വ്യക്തിത്വം' എന്നാണ് ചിത്രയുടെ വിചിത്രവാദം. കഴിഞ്ഞ 20 വർഷമായി തൊഴിൽ-വ്യക്തിപരമായ കാര്യങ്ങളിൽ സന്യാസിയാണ് തന്നെ നയിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ, ഈ യോഗിയുമായി ചിത്ര നടത്തിയ ഇ-മെയിൽ സന്ദേശങ്ങൾ സെബി കണ്ടെടുത്തിട്ടുണ്ട്.
2013-2016 കാലയളവിലാണ് ചിത്ര എൻ.എസ്.ഇ മേധാവിയായിരുന്നത്. 2015ൽ ചില വിപണി ഇടപാടുകാരുടെ നീക്കത്തിൽ സിംഗപ്പൂർ നിവാസിക്കുണ്ടായ സംശയമാണ് ചിത്രക്കെതിരായ അന്വേഷണത്തിലേക്ക് നയിച്ചത്. 2016ൽ വ്യക്തിപരമായ കാരണങ്ങളാൽ അവർ രാജിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.