ന്യൂഡൽഹി: ക്രിസ്തുമതം സ്വീകരിക്കുന്ന ഹിന്ദുക്കൾക്ക് സംവരണാനുകൂല്യം നൽകുന്നത് റദ്ദാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മതംമാറി ക്രിസ്ത്യാനികളായവർ ഇപ്പോഴും തങ്ങളുടെ ഹിന്ദു പേരുകൾ രേഖകളിൽ ഉപയോഗിക്കുന്നുണ്ടെന്നും പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി) വിഭാഗങ്ങൾക്കുള്ള സംവരണത്തിന്റെ ആനുകൂല്യം കൈപ്പറ്റുന്നുണ്ടെന്നും വി.എച്ച്.പി ദേശീയ വക്താവ് വിജയ് ശങ്കർ തിവാരി പറഞ്ഞു.
ക്രിസ്ത്യൻ മതം സ്വീകരിച്ച പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണാനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പദ്ധതി തയ്യാറാക്കുകയും സർവേ നടത്തുകയും ചെയ്യണമെന്നും തിവാരി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വി.എച്ച്പി വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ ബോധവത്കരണ കാമ്പയിൻ നടത്തും.
എസ്‌സി, എസ്‌ടി വിഭാഗങ്ങളിൽ പെട്ടവർ ക്രിസ്തുമതം സ്വീകരിച്ചിട്ടും പേരുകളും മറ്റ് യോഗ്യതാപത്രങ്ങളും മാറ്റാത്ത നിരവധി സംഭവങ്ങളുണ്ടെന്ന് വി.എച്ച്.പി പ്രാദേശിക വക്താവ് പ്രഭാത് ശർമ പറഞ്ഞു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് അവർക്ക് സംവരണം ലഭിക്കുന്നതെന്നും ഇത് നിർത്തലാക്കണമെന്നും ശർമ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.