നിയമം മലർത്തിയടിച്ച് ബ്രിജ് ഭൂഷൺ

ന്യൂഡൽഹി: വനിത ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചപ്പോൾ നിയമം മലർത്തിയടിച്ച് ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ യാദവ്. താരങ്ങൾക്ക് നൽകിയ വാക്ക് സർക്കാർ പാലിച്ചു. 15നു തന്നെ കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എന്നാൽ കുറ്റാരോപിതൻ മിക്കവാറും നിയമവല പൊട്ടിക്കുന്ന വിധത്തിലാണെന്നു മാത്രം.

രാജ്യത്തിന് വേണ്ടി മെഡൽ വാരിക്കൂട്ടിയ ഏഴ് കായിക താരങ്ങൾ നീതിക്കുവേണ്ടി അലമുറയിട്ടതിനൊടുവിൽ കേസ് എത്തി നിൽക്കുന്നത് അങ്ങനെയാണ്. പൊലീസ് നൽകിയ കുറ്റപത്രം, പോക്സോ കേസ് റദ്ദാക്കണമെന്ന അപേക്ഷ എന്നിവയിൽ തങ്ങൾക്ക് അനുകൂലമായ നിലപാട് കോടതിയിൽ നിന്ന് ഉണ്ടാകുമോ എന്ന് മാത്രമാണ് താരങ്ങൾക്ക് ഇനി കണ്ടറിയാനുള്ളത്.

ലൈംഗിക കുറ്റങ്ങളിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്ന പോക്സോ നിയമപ്രകാരം പരാതി ലഭിച്ചാൽ പ്രതിയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യുന്നതാണ് രീതി. സാക്ഷികളെ സ്വാധീനിക്കാതിരിക്കാനും ഇരകളെ പീഡിപ്പിക്കാതിരിക്കാനുമുള്ള മുൻകരുതൽ കൂടിയാണത്. എന്നാൽ പ്രായപൂർത്തിയാകാത്ത ഗുസ്തി താരവും പിതാവും പൊലീസ് നൽകിയ പരാതി നിലനിൽക്കേ, രാഷ്ട്രീയ സ്വാധീനത്തിന്‍റെ പേരിൽ ബ്രിജ് ഭൂഷൺ ഒന്നര മാസം നെഞ്ചു വിരിച്ചുതന്നെ നടന്നു. ആക്ഷേപമുന്നയിച്ച താരങ്ങളെ പരിഹസിച്ച് ചാനൽ അഭിമുഖം അടക്കം നൽകി.

പൊലീസിലും മജിസ്ട്രേറ്റിനു മുന്നിലും പോക്സോ കേസിലെ പരാതിക്കാരിയും പിതാവും നൽകിയ മൊഴി മാറ്റിപ്പറയുന്നതാണ് ഇതിനിടയിൽ നടന്നത്. അവർ മൊഴി മാറ്റിപ്പറയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പൊലീസ് യുക്തിസഹമായ അന്വേഷണം നടത്തിയതായി കാണാനില്ല. ഉപോൽബലകമായ തെളിവുകളില്ലെന്ന വിശദീകരണത്തോടെയാണ് പോക്സോ കേസ് റദ്ദാക്കണമെന്ന അപേക്ഷ കോടതിയിൽ നൽകിയിരിക്കുന്നത്. മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ മൊഴി നിലനിൽക്കുന്നതിനാൽ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. അതുകൊണ്ടാണ് പൊലീസിന്‍റെ ഈ അപേക്ഷ.

മറ്റ് ആറു ഗുസ്തി താരങ്ങളുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പു പ്രകാരവും ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരവും പൊലീസ് ബ്രിജ് ഭൂഷണിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. സ്ത്രീയുടെ അന്തസ്സിന് നേരെ ബലാൽക്കാരം നടത്തിയെന്ന കുറ്റത്തിനാണ് ജാമ്യമില്ല വ്യവസ്ഥ ബാധകമാവുക. പൊലീസ് ചുമത്തിയ കുറ്റങ്ങൾ ഏതൊക്കെ നിലനിർത്തണമെന്ന് വിചാരണ കോടതി തീരുമാനിക്കും.

അതേസമയം, ഉപോൽബലകമായ തെളിവുകളില്ലാത്ത പ്രശ്നം ഇവിടെയും പ്രതിയെ സഹായിക്കും. ലൈംഗിക പീഡന പരാതിയിൽ കുറ്റാരോപിതനെ ചോദ്യം ചെയ്യാൻ പോലും മടിച്ച പൊലീസിന്‍റേതാണ് കുറ്റപത്രം. രാജ്യത്തിന്‍റെ അഭിമാനമായ ഏഴ് വനിത താരങ്ങൾ ഏപ്രിൽ 21ന് നൽകിയ പരാതിയിലാണ് രണ്ടു മാസത്തോളം വൈകി, ജൂൺ 15ന് കുറ്റപത്രം പിറന്നത്.

1,000 പേജ് വരുന്ന കുറ്റപത്രത്തിൽ ബിജ് ഭൂഷണിനെതിരായ തെളിവുകൾക്കായി അഞ്ചു രാജ്യങ്ങളിൽ നിന്ന് വിവരം തേടിയിട്ടുണ്ടെന്ന് പൊലീസ് വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഗുസ്തിതാരങ്ങൾക്ക് അനുകൂലമായി കിട്ടാത്ത തെളിവും മൊഴിയും സാക്ഷിയുമെല്ലാം വിദേശത്തുനിന്ന് തേടുന്ന പൊലീസ് നടപടിയുടെ പരിഹാസ്യത നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇത്തരത്തിൽ അയഞ്ഞു തൂങ്ങിയ പൊലീസ് കുറ്റപത്രത്തോട് കോടതി സ്വീകരിക്കുന്ന സമീപനത്തിലേക്കും ആകാംക്ഷപൂർവം കാത്തിരിക്കാനാണ് ഗുസ്തി താരങ്ങൾക്ക് കഴിയുക. ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് സ്ഥാനം ബ്രിജ് ഭൂഷണ് വീണ്ടും കിട്ടില്ലെന്നതു മാത്രമാണ് ഗുസ്തിതാരങ്ങൾക്ക് നിലവിൽ അനുകൂലമായി നിൽക്കുന്ന ഘടകം. ബാക്കിയെല്ലാം കോടതി നടപടികളെ ആശ്രയിച്ചാണ്. അതാകട്ടെ, നീണ്ട വ്യവഹാരവുമാണ്.   

Tags:    
News Summary - story about Brij bhushan FIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.