ഭാര്യക്കൊപ്പം ദീപക്​ സാഥെ

ദീപക് സാഥേ, മേഘങ്ങളെ പ്രണയിച്ചവന്‍

കോഴിക്കോട്: രാത്രി ഹോട്ടല്‍ മുറിയില്‍ താമസിക്കുമ്പോഴും പിറ്റേന്ന് വിമാനം പറത്തുന്നതിനെക്കുറിച്ചായിരുന്നു വിങ്​ കമാന്‍ഡര്‍ ദീപക് വസന്ത് സാഥേ എന്ന പരിചയ സമ്പന്നനായ പൈലറ്റിന്‍െറ ചിന്തയും വര്‍ത്തമാനങ്ങളും. വിമാനം പറത്താന്‍ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടാകാറായെങ്കിലും ആവേശവും വൈദഗധ്യവും ഒരിക്കലും ഈ മുംബൈ സ്വദേശിക്ക് കൈമോശം വന്നിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു. സ്വയം ജീവനര്‍പ്പിച്ച ദീപകിന്‍െറ വൈദഗ്ധ്യമാണ് വിമാനം കത്തിയമരാതെ വന്‍ദുരന്തത്തില്‍ നിന്ന് രക്ഷിച്ചതെന്നാണ് വിദഗ്ധാഭിപ്രായം. ലാന്‍ഡിങ് സമയത്തെ വിശദവിവരങ്ങള്‍ അന്വേഷണത്തിന് ശേഷമേ പുറത്തുവരാനിടയൂള്ളൂ. പ്രതികൂല സാഹചര്യങ്ങളില്‍ പലതവണ സുരക്ഷിതമായി വിമാനം നിലത്തിറക്കിയ അനുഭവവും 59കാരനായ ഇദ്ദേഹത്തിനുണ്ട്.

ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് യുദ്ധ വിമാനങ്ങള്‍ പറത്തി പരിചയമുണ്ടായിരുന്ന ദീപക് സാഥേ 21 വര്‍ഷത്തെ വ്യോമസേന ജോലി അവസാനിപ്പിച്ചാണ് എയര്‍ ഇന്ത്യയില്‍ ചേര്‍ന്നത്. വന്ദേഭാരത് മിഷന്‍െറ ഭാഗമായി ഗള്‍ഫ് നാടുകളില്‍ നിന്ന് രാജ്യത്തേക്ക് നിരവധി പേരെ കൊണ്ടുവരുന്നതില്‍ ഏറെ അഭിമാനവും സന്തോഷവും ദീപക് സാഥക്കുണ്ടായിരുന്നതായി സുഹൃത്തും ബന്ധുവുമായ നിലേഷ് സാഥേ പറഞ്ഞു. ഒരാഴ്ച മുമ്പാണ് നിലേഷ് അവസാനമായി വസന്തുമായി ഫോണില്‍ സംസാരിച്ചത്. വന്ദേഭാരത് മിഷന്‍െറ ഭാഗമായി യാത്രക്കാരെ എത്തിക്കാന്‍ വിദേശരാജ്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ കാലിയായി വിമാനം അങ്ങോട്ട് പറത്തുമോയെന്ന് നിലേഷ് ഇദ്ദേഹത്തോട് കളിയായി ചോദിച്ചിരുന്നു. യാത്രക്കാരില്ലെങ്കില്‍ മരുന്നും പച്ചക്കറികളും പഴവര്‍ഗങ്ങളുമായി പറക്കുമെന്നായിരുന്നു മറുപടി.

1981ല്‍ ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്ന് 'സോഡ് ഓഫ് ഓണര്‍' ബഹുമതിയോടെ പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ വിമാനം പറത്താന്‍ തുടങ്ങിയിട്ടുണ്ട് ദീപക് സാഥെ. ഖഡാവാസ്ലയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലും സൈനിക പഠനവും പരിശീലനവും നടത്തി. റഷ്യന്‍ നിര്‍മിത മിഗ് യുദ്ധവിമാനങ്ങള്‍ പലവട്ടം പറത്തി. 90കളുടെ ആദ്യം വലിയൊരു അപകടത്തില്‍ നിന്ന് ഇദ്ദേഹം രക്ഷപ്പെട്ടിരുന്നു. തലയോട്ടിക്ക് ഗുരുതരമായ പരിക്ക് പറ്റിയ ദീപക് ആറുമാസമാണ് ചികിത്സയിലുണ്ടായിരുന്നത്. വീണ്ടും പൈലറ്റാകാന്‍ കഴിയില്ലെന്ന്​ പലരും കരുതി. എന്നാല്‍, വിമാനമെന്ന വലിയ ലോഹപക്ഷിയെയും മേഘങ്ങളെയും സ്നേഹിച്ച ഇദ്ദേഹം വീണ്ടും വ്യോമസേന വിമാനങ്ങളിലെ കോക്പിറ്റില്‍ സ്ഥാനമുറപ്പിച്ചു.

21 വര്‍ഷത്തെ സേവനത്തിന് ശേഷം 2003ല്‍ വിരമിക്കല്‍ പ്രായത്തിന് മുമ്പേ സേന വിട്ടു. 2005ല്‍ എയര്‍ ഇന്ത്യയില്‍ ചേര്‍ന്നു. എയര്‍ബസ് 310 ആയിരുന്നു ആദ്യകാലങ്ങളില്‍ പറത്തിയത്. പിന്നീട് ബോയിങ് 737ന്‍െറ പൈലറ്റായി എയര്‍ ഇന്ത്യ എക്സ്പ്രസിലേക്ക് മാറി. ബംഗളൂരിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡിലെ ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു. മുംബൈയില്‍ താമസിക്കുന്ന ദീപകിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. പിതാവ് വസന്ത് സാഥെ കരസേനയില്‍ ബ്രിഗേഡിയറായിരുന്നു. സഹോദരനും കരസേന ഉദ്യോഗസ്ഥനായിരുന്നു.

Tags:    
News Summary - Deepak Sathe-Pilot died in Kozhikode aircrash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.