ന്യൂഡല്‍ഹി: തെരുവുനായ് പ്രശ്നവുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് വീണ്ടും ഹൈകോടതിയെ സമീപിക്കേണ്ടിവരും. 2023ല്‍ പുതിയ മൃഗജനന നിയന്ത്രണ ചട്ടം (എ.ബി.സി) നിലവില്‍വന്നതിനാല്‍ ഹരജിയില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ഹരജിക്കാർക്ക് അതത് ഹൈകോടതികളെ സമീപിക്കാമെന്നും ജസ്റ്റിസ് ജെ.കെ. മഹേശ്വരി, സഞ്ജീവ് കൗര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2001ലെ എ.ബി.സി ചട്ടം ചോദ്യംചെയ്ത് കേരളമടക്കം സംസ്ഥാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും വിവിധ സംഘടനകളും സമർപ്പിച്ച ഹരജികളാണ് സുപ്രീംകോടതി പരിഗണനയിലുണ്ടായിരുന്നത്.
2001 എ.ബി.സി ചട്ടപ്രകാരം കേരള, കര്‍ണാടക, ബോംബെ ഹൈകോടതികള്‍ വ്യത്യസ്ത വിധി പുറപ്പെടുവിച്ചിരുന്നു. തെരുവു നായ്ക്കളെ കൊല്ലാമെന്ന് ബോംബെ ഹൈകോടതി വിധിച്ചപ്പോള്‍ പാടില്ലെന്ന് കേരള, കര്‍ണാടക ഹൈകോടതികൾ വിധിച്ചു. പുതിയ എ.ബി.സി ചട്ടം നിലവില്‍ വന്നതിനാല്‍ തൽക്കാലം ഈ കേസിലേക്ക് കടക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ പുതിയ എ.ബി.സി ചട്ടത്തിലുണ്ട്. അതിനാല്‍, പുതിയ ചട്ടവുമായി ബന്ധപ്പെട്ട് ഹൈകോടതികളുടെ വിധിയില്‍ തര്‍ക്കമുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്ന് അറിയിച്ച ബെഞ്ച് ഹരജികൾ അന്തിമവിധി പറയാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.