‘എളമരം കരീമിന്‍റേത് വരേണ്യ വർഗത്തിന്‍റെ ശരീരഭാഷ; രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന വഴിയടക്കം മറന്നു’; സി.പി.ഐ ജില്ല കൗൺസിൽ യോഗത്തിൽ രൂക്ഷവിമർശനം

കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന സി.പി.ഐ കോഴിക്കോട് ജില്ല കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമിനെതിരെ രൂക്ഷവിമർശനം. തൊഴിലാളി യൂനിയൻ നേതാവ് എന്ന നിലയിൽ പുലർത്തേണ്ട സാമാന്യ രീതികൾവിട്ട് വരേണ്യ വർഗത്തിന്റെ ശരീരഭാഷയായിരുന്നു എളമരം കരീമിനെന്നാണ് വിമർശനം ഉയർന്നത്.

വോട്ടർമാർ പോയിട്ട് പാർട്ടി നേതാക്കൾ പോലും ഇതംഗീകരിക്കുന്നില്ല. രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന വഴിയടക്കം മറന്നുള്ള കരീമിന്റെ പ്രവർത്തന ശൈലിയും തോൽവി കനത്തതാക്കിയെന്നും സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സത്യൻ മൊകേരിയുടെ സാന്നിധ്യത്തിൽ നേതാക്കൾ തുറന്നടിച്ചു.

കെ.കെ. ശൈലജ വടകരയിൽ മികച്ച സ്ഥാനാർഥിയായിരുന്നെങ്കിലും പ്രചാരണ രംഗത്തുണ്ടായ വിവാദ കോലാഹലങ്ങൾ തെരഞ്ഞെടുപ്പ് അജണ്ടകളെയാകെ മാറ്റി. ഇത് എൽ.ഡി.എഫിന് തിരിച്ചടിയും യു.ഡി.എഫിന് മേൽക്കൈയും നൽകി. ഇടതുപക്ഷത്തിന് പരമ്പരാഗതമായി വോട്ടുചെയ്ത ഈഴവ സമുദായത്തിലെ വലിയൊരു വിഭാഗം ഇത്തവണ മാറിച്ചിന്തിക്കുന്ന സ്ഥിതിയാണുണ്ടായത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്തുതിപാഠകരായി സി.പി.ഐ മന്ത്രിമാർ അധഃപതിച്ചെന്നും ജില്ല കൗൺസിൽ യോഗത്തിൽ വിമർശനം ഉയർന്നു. റവന്യൂ മന്ത്രി കെ. രാജൻ, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ എന്നിവർക്കെതിരെയാണ് അംഗങ്ങൾ രൂക്ഷഭാഷയിൽ വിമർശനം ഉന്നയിച്ചത്.

തെറ്റുകളും പോരായ്മകളും തുറന്നു പറയുന്നതിനു പകരം, റവന്യൂ മന്ത്രി എല്ലാ കാര്യത്തിലും മുഖ്യമന്ത്രിയെ ആദ്യമേ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സി.പി.ഐയുടെ പാരമ്പര്യം ഇതായിരുന്നില്ല. മുഖ്യമന്ത്രിയുടെ ശൈലിയിൽ പലർക്കും വിമർശനങ്ങളുണ്ട്. അത് പാർട്ടി ചൂണ്ടിക്കാട്ടേണ്ടിയിരുന്നു.

സാധനങ്ങളില്ലാതെ സപ്ലൈകോയെ നോക്കുകുത്തിയാക്കിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് വകുപ്പ് മന്ത്രിക്ക് ഒഴിഞ്ഞുനിൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അനിലിനെതിരായ വിമർശനം. മുന്നണിക്കൊപ്പം എന്നും നിലകൊള്ളുന്ന അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ആശ്രയമാണ് സാമൂഹിക സുരക്ഷ പെൻഷനും സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യവും. ഇവയിൽ രണ്ടിലും വന്ന വീഴ്ച ജനങ്ങളെ സർക്കാറിനെതിരാക്കിയെന്നും യോഗം വിലയിരുത്തി.

Tags:    
News Summary - Strong criticism against Elamaram Kareem in the CPI district council meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.