എൽ.ജെ.പി അധ്യക്​ഷൻ ചിരാഗ്​ പാസ്വാൻ, കേന്ദ്രമന്ത്രി പശുപതി കുമാർ പരാസ്​

'പശുപതിയെ കേന്ദ്രമന്ത്രിയാക്കിയത്​ ശരിയല്ല' -നിയമ നടപടിയുമായി ചിരാഗ്​ പാസ്വാൻ

ന്യൂഡൽഹി: കേ​ന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോൾ എൽ.ജെ.പി പ്രതിനിധിയായി പശുപതി കുമാർ പരാസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെതിരെ എൽ.ജെ.പി രംഗത്ത്​. വിമത പ്രവർത്തനത്തിന്​ പാർട്ടിയിൽനിന്ന്​ പുറത്താക്കപ്പെട്ട ആളെ മന്ത്രിയാക്കിയത്​ അംഗീകരിക്കാനാവില്ലെന്ന്​ എൽ.ജെ.പി പ്രസിഡന്‍റും പശുപതിയുടെ സഹോദരൻ രാംവിലാസ്​ പാസ്വാന്‍റെ മകനുമായ ചിരാഗ്​ പാസ്വാൻ പറഞ്ഞു.

എൻ.ഡി.എ സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടിയുടെ പ്രതിനിധിയായി പരാസ്​ ബുധനാഴ്ച കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രിയായി ചുമതലയേറ്റിരുന്നു. ഇതിനുപുറമെ, എൽ.ജെ.പിയുടെ പാർലമെന്‍റ്​ പാർട്ടി നേതാവായും ഇയാളെ കഴിഞ്ഞദിവസം സ്​പീക്കർ നിയമിച്ചു. സ്​പീക്കറുടെ നടപടിക്കെതിരെ​ ചിരാഗ് പാസ്വാന്‍റെ നേതൃത്വത്തിലുള്ള വിഭാഗം ഡൽഹി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്​.

പശുപതിയും ചിരാഗും ഉൾപ്പെടെ ആറ് ലോക്സഭാ എം‌പിമാരാണ്​ എൽ.ജെ.പിക്കുള്ളത്​. ഇതിൽ അഞ്ചുപേർ പാസ്വാൻ വിരുദ്ധ ചേരിയിലാണ്​. ഇവർ യോഗംചേർന്ന്​ ദേശീയ പ്രസിഡന്‍റായും പാർലമെന്‍ററി നേതാവായും പരാസിനെ തെരഞ്ഞെടുക്കുകയായിരുന്നു. വിവരം ലോക്സഭാ സ്പീക്കർ ഓം ബിർളയെ അറിയിക്കുകയും സ്​പീക്കർ അത്​ അംഗീകരിക്കുകയും ചെയ്​തു. എൽ.ജെ.പി എംപിയും പാർട്ടി അധ്യക്ഷനുമായ ചിരാഗ്​ പാസ്വാനെ അട്ടിമറിക്കാനായിരുന്നു ഈ നീക്കം. തുടർന്ന്​ പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്​ അഞ്ച്​ എം.പിമാരെയും എൽ.ജെ.പി പുറത്താക്കി.

എൽ.‌ജെ.‌പി ദേശീയ എക്സിക്യൂട്ടീവ്​ കമ്മറ്റിയിലെ 75 അംഗങ്ങളിൽ 66 പേരും തന്‍റെ കൂടെയാണെന്ന്​ ചിരാഗ്​ വ്യക്​തമാക്കുന്നു. അതിനാൽ ദേശീയ പ്രസിഡന്‍റാണെന്ന പരാസിന്‍റെ അവകാശവാദം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലോ കോടതിയിലോ നിലനിൽക്കി​ല്ലെന്നും പാസ്വാൻ അവകാശപ്പെടുന്നു.

പുറത്താക്കപ്പെട്ട എം.പി പശുപതി പരാസിനെ ലോക്​സഭയിൽ എൽ.ജെ.പി നേതാവായി പ്രഖ്യാപിച്ച സ്പീക്കറുടെ തീരുമാനത്തിനെതിരെ പാർട്ടി ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയ വിവരം ചിരാഗ്​ പാസ്വാനാണ്​ ട്വിറ്ററിലൂടെ അറിയിച്ചത്​. സഖ്യകക്ഷികളോടുള്ള​ മിനിമം മര്യാദ പാലിക്കുന്നതിൽ ബി.ജെ.പി വീഴ്ച വരുത്തിയതായും എൽ.ജെ.പി പറഞ്ഞു. പരാസിനെ കേന്ദ്രമന്ത്രിയാക്കുന്നതിൽ പാർട്ടിക്ക് പ്രശ്‌നവുമില്ലെന്നും എന്നാൽ, അദ്ദേഹത്തെ എൽജെപി മന്ത്രിയായി കണക്കാക്കാനാവില്ലെന്നും പാർട്ടി പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി അബ്ദുൽ ഖാലിക്ക് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യകക്ഷിയായിരുന്ന എൽ.ജെ.പി ഇക്കഴിഞ്ഞ ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യത്തിൽനിന്ന്​ പിൻമാറിയിരുന്നു. നിതീഷ്​ കുമാറിന്‍റെ ജെ.ഡി.യുവിനോടുള്ള എതിർപ്പാണ്​ സഖ്യം വിടാൻ പ്രേരിപ്പിച്ചത്​. എന്നാൽ, തനിച്ച്​ മത്സരിക്കാനുള്ള ചിരാഗ്​ പാസ്വാന്‍റെ തീരുമാനം പരാസിന്​ ഇഷ്​ടമായിരുന്നില്ല. എന്നുമാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിൽ 243 സീറ്റുകളിൽ ഒരെണ്ണം മാത്രമാണ് പാർട്ടി നേടിയത്. ഇതോടെയാണ്​ പാസ്വാനും പരാസും തമ്മിൽ ശത്രുതയിലായത്​. പരാസിനെ കേന്ദ്രമന്ത്രിയാക്കിയതോടെ എൽ.ജെ.പിയിലെ ഭിന്നത രൂക്ഷമാകും.

Tags:    
News Summary - "Strong Reservation": Chirag Paswan On Uncle's Inclusion In Union Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.