ന്യൂഡൽഹി: സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണിയുമായി 14കാരൻ. ദക്ഷിണ ഡൽഹിയിലെ സമ്മർ ഫീൽഡ് സ്‌കൂളിന് വെള്ളിയാഴ്ചയാണ് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്. അന്വേഷണത്തിൽ സന്ദേശം വ്യാജമാണെന്നും 14 വയസ്സുള്ള ആൺകുട്ടിയാണ് ഭീഷണിക്ക് പിന്നിലെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്‌കൂളിൽ പോകാൻ താൽപര്യമില്ലാത്തതിനാൽ ഇമെയിൽ അയക്കുകയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ കുട്ടി പറഞ്ഞു. ഭീഷണി യഥാർഥമാണെന്ന് തോന്നിപ്പിക്കാൻ മറ്റ് രണ്ട് സ്കൂളുകളെക്കുറിച്ചും മെയിലിൽ പരാമർശിച്ചിട്ടുണ്ട്.
ഇമെയിൽ ലഭിച്ചയുടനെ വിദ്യാർഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും സ്‌കൂൾ പരിസരം ബോംബ് സ്‌ക്വാഡ് പരിശോധിക്കുകയും ചെയ്തു. പുലർച്ചെ 12.30 നാണ് ഇമെയിൽ ലഭിച്ചത്. എന്നാൽ രാവിലെ സ്‌കൂൾ തുറന്നതിന് ശേഷമാണ് അധികൃതർ ഇമെയിൽ ശ്രദ്ധിച്ചത്.
മെയിൽ കണ്ട ഉടൻ തന്നെ ജില്ലാ ഭരണകൂടത്തെയും പൊലീസിനെയും അറിയിച്ചു. വിവരമറിഞ്ഞ ഉടൻ തന്നെ എത്തിച്ചേർന്ന പൊലീസിനോട് നന്ദിയുണ്ടെന്ന് ഇമെയിലിനെക്കുറിച്ച് സംസാരിച്ച സ്‌കൂൾ പ്രിൻസിപ്പൽ ശാലിനി അഗർവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.