‘വിദ്യാർഥികൾക്ക് നരകതുല്യ ജീവിതം, ഉത്തരവാദികൾക്കു നേരെ നടപടി വേണം’; ചീഫ് ജസ്റ്റിസിന് കത്തയച്ച് ഉദ്യോഗാർഥി

ന്യൂഡൽഹി: ഡൽഹി രാജേന്ദ്ര നഗറിലുള്ള സിവിൽ സർവിസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളംകയറി മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. യു.പി.എസ്‌.സി ഉദ്യോഗാർഥികളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട്, ഡൽഹിയിൽ കോച്ചിങ് നടത്തിവരുന്ന ഉദ്യോഗാർഥി അവിനാഷ് ദുബെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തയച്ചു. മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കുമെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഡൽഹിയിലെ വെള്ളക്കെട്ട് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഡൽഹി സർക്കാറിനോടും മുനിസിപ്പൽ കോർപറേഷനോടും നിർദേശിക്കണമെന്നും കത്തിൽ പറയുന്നു.

“മുനിസിപ്പാലിറ്റിയുടെ അനാസ്ഥ കാരണം ഡൽഹിയിലെ മുഖർജി നഗർ, രാജേന്ദ്ര നഗർ തുടങ്ങിയ പ്രദേശങ്ങളിൽ എല്ലാ വർഷവും വെള്ളക്കെട്ടിന്റെ പ്രശ്നം നേരിടുന്നുണ്ട്. ഓടയിലെ വൃത്തിഹീനമായ ജലം മെയിൻ റോഡിൽ എത്തുകയും ചിലപ്പോൾ വീടുകളിൽ കയറുകയും ചെയ്യുന്നു. മുട്ടോളം ഒഴുകുന്ന വെള്ളത്തിലൂടെ നടക്കേണ്ട സ്ഥിതിവിശേഷമാണ്. അധികൃതരുടെ അനാസ്ഥ കാരണം ഞങ്ങളെപ്പോലുള്ള വിദ്യാർഥികൾക്ക് നരകതുല്യമായ ജീവിതം നയിക്കേണ്ടിവരുന്നു. സാധ്യമായ എല്ലാ വഴികളിലൂടെയും സിവിൽ സർവിസ് എത്തിപ്പിടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാൽ, വിദ്യാർഥികളുടെ ജീവിതം സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞദിവസത്തെ സംഭവം.

ആരോഗ്യത്തോടെ ജീവിക്കുക എന്നത് നമ്മുടെ മൗലികാവകാശമാണ്, ദൗർഭാഗ്യവശാൽ ഡൽഹി സർക്കാരും മുനിസിപ്പാലിറ്റിയും അതിൽ തീർത്തും നിസ്സംഗത പുലർത്തുന്നു, ഇത് ഞങ്ങളെപ്പോലുള്ള വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കുന്നു. മേൽപ്പറഞ്ഞ സംഭവം അങ്ങേയറ്റം ഹൃദയഭേദകവും ആശങ്കാജനകവുമാണ്. വെള്ളക്കെട്ട് കാരണം കേന്ദ്രത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും വലിയ ഭീഷണിയാണ്. അത്തരമൊരു സാഹചര്യത്തിൽ, വിദ്യാർഥികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ലഭിക്കേണ്ടതുണ്ട്, അതിലൂടെ അവർക്ക് ഭയമില്ലാതെ പഠനം തുടരാനും സമീപഭാവിയിൽ രാജ്യപുരോഗതിക്ക് സംഭാവന നൽകാനും കഴിയും.

വിദ്യാർഥികളുടെ താൽപര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട അധികാരികൾ അടിയന്തരവും ഫലപ്രദവുമായ നടപടികൾ കൈക്കൊള്ളുകയും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുകയും ചെയ്യേണ്ടത് ആവശ്യമാണ്. കൂടാതെ കോച്ചിങ് സെന്ററിൽ അടിയന്തര സർവിസുകളും സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. എമർജൻസി എക്സിറ്റ്, പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ, ശുചിത്വ ക്രമീകരണങ്ങൾ എന്നിവ വിദ്യാർഥികൾക്ക് ഉറപ്പാക്കണം. വിദ്യാർത്ഥികളുടെ ഭാവിയും ജീവിതവും വളരെ വിലപ്പെട്ടതാണ്, ഇത്തരം സംഭവങ്ങളിൽനിന്ന് അവരെ സംരക്ഷിക്കുക എന്നതിനാണ് ഞങ്ങളുടെ മുൻഗണന. തങ്ങളുടെ മൂന്ന് സഹോദരങ്ങളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ഉചിതമായ നടപടിക്ക് ഉത്തരവിടണമെന്ന് അഭ്യർഥിക്കുന്നതായും അവിനാഷ് ദുബെ കത്തിൽ പറ‍യുന്നു.

News Summary - "Our Future, Lives In Danger": Student's Appeal To Supreme Court After Coaching Horror

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.