ന്യൂഡൽഹി: പാർലമെന്റിലെ ബജറ്റ് ചർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദിയും അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തിൽ കുരുക്കുകയാണെന്നായിരുന്നു രാഹുലിന്റെ വിമർശനം. ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും ഉൾപ്പെടെ ആറുപേരാണെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് അവർക്ക് വേണ്ടിയാണെന്നും രാഹുൽ ആരോപിച്ചു.
''ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പാണ് കുരുക്ഷേത്ര യുദ്ധത്തിൽ ആറു പേർ ചേർന്ന് അഭിമന്യൂവിനെ ചക്രവ്യൂഹത്തിൽ കുടുക്കി കൊലപ്പെടുത്തിയത്. ആ ചക്രവ്യൂഹത്തെ പത്മവ്യൂഹമെന്നും വിളിക്കാം. ഒരു താമര പോലെയാണത്. 21ാം നൂറ്റാണ്ടിൽ, താമരയുടെ പ്രതീകാത്മക രൂപത്തിൽ പുതിയൊരു ചക്രവ്യൂഹം നിർമിച്ചിരിക്കുന്നു. പ്രധാനമന്ത്രി ആ ചിഹ്നം തന്റെ നെഞ്ചിലണിഞ്ഞിരിക്കുന്നു. അഭിമന്യൂവിന്റെ അതേ ഗതിയാണ് ഇന്ത്യക്ക്. ഇന്ത്യയിലെ യുവാക്കളും കർഷകരും സ്ത്രീകളും ചെറുകിട കച്ചവടക്കാരും ചക്രവ്യൂഹത്തിൽ പെട്ട അവസ്ഥയാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. നരേന്ദ്രമോദി, അമിത്ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ, അംബാനി, അദാനി എന്നീ ആറുപേരാണ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നത്.''-എന്നാണ് രാഹുൽ പാർലമെന്റിൽ പറഞ്ഞത്.
രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ സഭയിൽ ഇല്ലാത്തവരുടെ പേര് പരാമർശിച്ചതിന് ലോക്സഭയിൽ ബി.ജെ.പി അംഗങ്ങൾ ബഹളം വച്ചു. ഇതോടെ വിഷയത്തിൽ സ്പീക്കർ ഓം ബിർള ഇടപെട്ടു. സഭയിൽ ഇല്ലാത്തവരുടെ പേര് പരാമർശിക്കരുതെന്ന് രാഹുലിന് താക്കീത് നൽകി. തുടർന്ന് നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ, അദാനി, അംബാനി എന്നതിന് പകരം എ1, എ2 എന്നാക്കാമെന്നും രാഹുൽ പരിഹസിച്ചു. ബജറ്റിൽ ദലിത്-ആദിവാസി വിഭാഗങ്ങളെയും അവഗണിച്ചു. രാജ്യത്തെ ജനങ്ങൾ ഭയപ്പാടിലാണ് ജീവിക്കുന്നത്. എല്ലാം കേട്ട് എന്റെ സുഹൃത്തുക്കൾ ചിരിക്കുന്നുണ്ടെങ്കിൽ പേടിയുടെ നിഴലിലാണ് അവർ. യുവാക്കൾ അഗ്നിവീറിന്റെ വലയിൽ കുടുങ്ങിയിരിക്കുന്നു. അഗ്നിവീറുകൾക്ക് പെൻഷൻ നൽകുന്നതിനെ കുറിച്ച് ബജറ്റിൽ സൂചിപ്പിക്കുന്നു പോലുമില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ബി.ജെ.പിയിൽ ഒരാൾക്കു മാത്രമേ പ്രധാനമന്ത്രി എന്ന പദവി സ്വപ്നം കാണാൻ അവകാശമുള്ളൂ. തനിക്ക് പ്രധാനമന്ത്രിയാകണമെന്ന് പ്രതിരോധമന്ത്രി ആവശ്യപ്പെട്ടാൽ വലിയ പ്രശ്നമാകും. അവിടെ ഭയം ഉറവെടുക്കും. ഈ ഭയമാണ് രാജ്യത്തുടനീളം പ്രചരിപ്പിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒരിക്കൽ രാജ്യത്തെ സാധാരണക്കാർ നിങ്ങളുടെ ചക്രവ്യൂഹത്തെ ഭേദിക്കുമെന്നും രാഹുൽ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.