ചണ്ഡീഗഢ്: യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ റഷ്യ അയച്ച ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടതായി കുടുംബം. ഹരിയാനയിലെ മാത്തൂർ സ്വദേശി രവി മൗൻ(22) മരിച്ചതായി മോസ്കോയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചെന്നാണ് കുടുംബം അറിയിച്ചത്. സഹോദരന്റെ വിവരങ്ങൾ അറിയാനായി അജയ് മൗൻ ഇന്ത്യൻ എംബസിക്ക് ജൂലൈ 21ന് കത്തയച്ചിരുന്നു. അപ്പോഴാണ് രവി മൗൻ കൊല്ലപ്പെട്ട വിവരം എംബസി അധികൃതർ അറിയിച്ചത്. മൃതദേഹം തിരിച്ചറിയുന്നതിന് ഡി.എൻ.എ പരിശോധന നടത്താൻ സാംപിൾ അയക്കാൻ എംബസി അധികൃതർ ആവശ്യപ്പെട്ടതായും കുടുംബം വ്യക്തമാക്കി.
ജനുവരി 13നാണ് രവി റഷ്യയിലെത്തിയത്. ഗതാഗതസംബന്ധമായ ജോലിക്കാണെന്ന് പറഞ്ഞാണ് രവിയെ ഏജന്റ് റഷ്യയിലെത്തിച്ചത്. പിന്നീട് ഇദ്ദേഹത്തെ റഷ്യൻ സൈന്യത്തിൽ ചേർക്കുകയായിരുന്നുവെന്നും അജയ് പറഞ്ഞു.
അതിനിടെ, സൈന്യത്തിലെടുത്ത ഇന്ത്യൻ പൗരൻമാരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കുമെന്ന് റഷ്യ ഉറപ്പു നൽകിയിരുന്നു. അതിനു പിന്നാലെയാണ് സൈന്യത്തിൽ ചേർന്ന ഹരിയാന യുവാവ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. യുക്രെയ്നെതിരെ യുദ്ധം ചെയ്യണമെന്നും അല്ലാത്ത പക്ഷം 10 വർഷം ജയിലിലടക്കുമെന്നും ഇന്ത്യ രവിയെ ഭീഷണിപ്പെടുത്തിയെന്നും സഹോദരൻ ആരോപിച്ചു.
കുറച്ചു ദിവസം പരിശീലനം നൽകിയശേഷം രവിയെ യുദ്ധമുന്നണിയിലെടുക്കുകയും ചെയ്തു. മാർച്ച് 12 വരെ രവിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വല്ലാതെ അസ്വസ്ഥനായിരുന്നുവെന്നും അജയ് മൗൻ അവകാശപ്പെട്ടു. സഹോദരന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അജയ് മാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിച്ചു. രവിയെ റഷ്യയിലേക്ക് അയക്കാൻ കുടുംബത്തിന് 11.50 ലക്ഷം രൂപയാണ് ചെലവായത്. ഒരേക്കർ ഭൂമി വിറ്റിട്ടാണ് കുടുംബം തുക കണ്ടെത്തിയത്. 2022 ഫെബ്രുവരി മുതലാണ് റഷ്യ യുക്രെയ്നിൽ ആക്രമണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.