കർണാടകയിലെ സ്കൂളിൽ വിദ്യാർഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് കഴുകിച്ച പ്രിൻസിപ്പലും അധ്യാപകനും അറസ്റ്റിൽ

ബംഗളൂരു: കർണാടകയിലെ കോലാറിലെ റെസിഡൻഷ്യൽ സ്കൂളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ച സംഭവത്തിൽ പ്രിൻസിപ്പലും അധ്യാപകനും അറസ്റ്റിൽ. മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിൽ ആറു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളിലായി 243 വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്. അതിൽ 19 ​പേർ പെൺകുട്ടികളാണ്.

വിദ്യാർഥികളെ നിർബന്ധിച്ച് സെപ്റ്റിക് ടാങ്ക് കഴുകിക്കുന്ന വിഡിയോ അധ്യാപിക മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. സ്‌കൂളിൽ തങ്ങൾ അനുഭവിക്കുന്ന കഠിനമായ പീഡനങ്ങൾ വിവരിച്ചുകൊണ്ട് വിദ്യാർഥികൾ തങ്ങളുടെ വിഷമങ്ങൾ പങ്കുവെക്കുന്നത് വീഡിയോയിൽ കാണാം. രാത്രിയിൽ ഹോസ്റ്റലിന് പുറത്ത് മുട്ടുകുത്തി നിർത്തി, ശാരീരിക പീഡനം ഉൾപ്പെടെയുള്ള ശിക്ഷയ്‌ക്ക് വിധേയരായതായി വിദ്യാർഥികൾ പറയുന്നുണ്ട്.

സ്‌കൂളിലെ ഏഴ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ ഡിസംബർ ഒന്നിന് സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കിക്കുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം പുറത്തറിയുന്നത്. പ്രിൻസിപ്പലിന്റെയും മറ്റൊരു അധ്യാപകന്റെയും മേൽനോട്ടത്തിലായിരുന്നു കുട്ടികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് കഴുകിപ്പിച്ചത്. തുടർന്ന് സംസ്ഥാന റെസിഡൻഷ്യൽ സ്‌കൂൾ ഡയറക്ടർ നവീൻ കുമാർ, സാമൂഹികക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീനിവാസ് എന്നിവർ സ്‌കൂളിലെത്തി അന്വേഷണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ഭരതമ്മ, അധ്യാപകൻ മുനിയപ്പ, ഹോസ്റ്റൽ വാർഡൻ മഞ്ജുനാഥ്, ഗസ്റ്റ് അധ്യാപകൻ അഭിഷേക് എന്നിവരെസസ്‌പെൻഡ് ചെയ്തു. ഭരതമ്മയും മുനിയപ്പയും അറസ്റ്റിലായെങ്കിലും മറ്റുള്ളവരെ ഇനിയും കണ്ടെത്താനുണ്ട്.

സാമൂഹികക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീനിവാസ് നൽകിയ പരാതിയെ തുടർന്നാണ് നാലുപേർക്കെതിരെ കേസെടുത്തതെന്ന് കോലാർ പൊലീസ് സൂപ്രണ്ട് എം. നാരായൺ പറഞ്ഞു. കുട്ടികളുടെ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തതിന് നാല് പേർക്കെതിരെ അതിക്രമ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ചിത്രകലാ അധ്യാപകൻ മുനിയപ്പയ്‌ക്കെതിരെ പോക്‌സോ പ്രകാരമാണ് പൊലീസ് കേസെടുത്തത്. മുമ്പും ഇതേ സ്കൂളിൽ പട്ടിക ജാതി-വർഗ വിഭാഗ വിദ്യാർഥികൾക്കെതിരെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Students made to clean septic tank in Karnataka school, Principal arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.