ബംഗളൂരു: സുപ്രീംകോടതി നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച ബാബരി മസ്ജിദ് ധ്വംസനം വിദ്യാർഥികളെക്കൊണ്ട് നാടകമായി പുനരാവിഷ്കരിച്ച് ‘ജയ് ശ്രീരാം’ വിളിപ്പിച്ച സംഘ്പരിവാർ സ്കൂൾ മാനേജ്മെൻറിെൻറ നടപടി വിവാദമാകുന്നു. ആർ.എസ്.എസ് നേതാവ് കല്ലടക്ക പ്രഭാകർ ഭട്ടിെൻറ ഉടമസ്ഥതയിലുള്ള ദക്ഷിണ കന്നടയിലെ കല്ലടക്കയിലെ ശ്രീരാമ വിദ്യാകേന്ദ്ര സ്കൂളിലാണ് കർസേവകർ ബാബരി മസ്ജിദ് തകർത്ത സംഭവം നാടകമായി നൂറുകണക്കിന് വിദ്യാർഥികളെക്കൊണ്ട് അവതരിപ്പിച്ചത്.
വിദ്യാർഥികളിൽ വർഗീയ വിദ്വേഷം പടർത്താനുള്ള നീക്കത്തിെൻറ ഭാഗമായാണ് സ്കൂൾദിന ആഘോഷത്തിനിടെ 11, 12 ക്ലാസുകളിലെ വിദ്യാർഥികളക്കൊണ്ട് നാടകം അവതരിപ്പിച്ചതെന്നാണ് ആരോപണം. നാടകത്തിനുശേഷം ശ്രീരാമ മന്ദിരം, താമര, നക്ഷത്രം തുടങ്ങിയവയുടെ മാതൃകയിൽ വിദ്യാർഥികൾ അണിനിരന്നു. അയോധ്യയിൽ നിർമിക്കാനിരിക്കുന്ന ശ്രീരാമ ക്ഷേത്ര മാതൃകയിൽ 3800ലധികം വിദ്യാർഥികൾ അണിനിരന്നുവെന്ന കുറിപ്പോടെ ദൃശ്യങ്ങളും പരിപാടിയിൽ അതിഥിയായെത്തിയ പുതുച്ചേരി ലെഫ്റ്റനൻറ് ഗവർണർ കിരൺ ബേദി ട്വീറ്ററിൽ പങ്കുവെച്ചിരുന്നു.
ഞായറാഴ്ച വൈകീട്ടത്തെ സ്കൂൾ ഡേ ആഘോഷത്തിനിടെയാണ് സംഭവം. കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ, കിരൺ ബേദി, കർണാടകയിലെ മന്ത്രിമാരായ എച്ച്. നാഗേഷ്, ശശികലെ ജോലെ തുടങ്ങിയവർ അതിഥികളായിരുന്നു. ‘ബോലോ ശ്രീ രാമചന്ദ്ര കീ ജയ്' എന്ന ആഹ്വാനം ലൗഡ്സ്പീക്കറിൽ മുഴങ്ങിയതോടെ ബാബരി മസ്ജിദിെൻറ ചിത്രമുള്ള കൂറ്റൻ ബാനർ കുത്തിക്കീറിയാണ് പ്രതീകാത്മകമായി മസ്ജിദ് ‘വീണ്ടും തകർത്തത്’. വിദ്യാർഥികൾ ജയ് ശ്രീരാം വിളികൾ ഏറ്റുവിളിച്ചു. ഈ സംഭവത്തിെൻറ വിഡിയോ പിന്നീട് പ്രചരിച്ചു.
ബാബരി മസ്ജിദ് തകർത്തത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞെങ്കിലും താൻ അതിനോട് യോജിക്കുന്നില്ലെന്നും ചരിത്രസംഭവം പുനരാവിഷ്കരിക്കുകയായിരുന്നുവെന്നുമാണ് തീരദേശ കർണാടകയിലെ ശക്തനായ ആർ.എസ്.എസ് നേതാവ് കല്ലടക്ക പ്രഭാകർ ഭട്ട് പ്രതികരിച്ചത്.
അത് പള്ളി അല്ലെന്നും വെറും കെട്ടിടമായിരുന്നുവെന്നും അത് തകർത്ത സംഭവം വീണ്ടും അവതരിപ്പിച്ചതിൽ തെറ്റില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. രാത്രി 7.30 ഒാടെയാണ് താൻ പരിപാടിക്കെത്തിയതെന്നും നാടകം കണ്ടിരുന്നില്ലെന്നും കൂടുതൽ കാര്യമറിയില്ലെന്നുമായിരുന്നു സദാനന്ദ ഗൗഡയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.